ആർത്തവദിനങ്ങൾ പ്രകൃതി സൗഹൃദമാക്കാൻ കേരള ഫീഡ്‌സ്

post

നെടുമങ്ങാട് മണ്ഡലത്തിൽ മെൻസ്ട്രൽ കപ്പ് വിതരണ പദ്ധതിക്ക് തുടക്കമായി

കേരള ഫീഡ്സ് ലിമിറ്റഡിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ വിദ്യാലയങ്ങളില്‍ ആരോഗ്യശുചിത്വ ബോധവത്കരണവും മെന്‍സ്ട്രല്‍കപ്പ് വിതരണവും പദ്ധതിക്ക് തുടക്കമായി.

കേരള ഫീഡ്സിന്റെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ വിനിയോഗിച്ചാണ് നെടുമങ്ങാട് മണ്ഡലത്തിലെ വിദ്യാലയങ്ങളില്‍ പദ്ധതി നടപ്പാക്കുന്നത്. 13 മുതല്‍ 17 വയസു വരെയുള്ള പെണ്‍കുട്ടികള്‍ പഠിക്കുന്ന ഒന്‍പത് വിദ്യാലയങ്ങളിലായി 3,918 മെന്‍സ്ട്രല്‍ കപ്പുകളാണ് നല്‍കുന്നത്. വിപണിയില്‍ 400 രൂപ വരെ വിലയുള്ള മെന്‍സ്ട്രല്‍കപ്പുകള്‍ നിര്‍മിച്ച് നല്‍കുന്നത് ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ലിമിറ്റഡാണ്. 

നെടുമങ്ങാട് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍, വിദ്യാര്‍ത്ഥിനികള്‍ക്ക് മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്തു. സ്ത്രീസമൂഹത്തിന് പ്രയോജനകരമായ ആശയത്തിനാണ് തുടക്കമാകുന്നതെന്ന് മന്ത്രി പറഞ്ഞു. പ്രകൃതി സൗഹൃദവും സ്ത്രീ സൗഹൃദവുമായ മെന്‍സ്ട്രല്‍ കപ്പുകള്‍ ഉത്തരവാദിത്തത്തോടെ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജില്ലയില്‍ ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്ന ഏക മണ്ഡലമാണ് നെടുമങ്ങാട്. കേരളത്തിലാകെ പത്ത് നിയമസഭാ മണ്ഡലങ്ങളിലെ വിദ്യാലയങ്ങളിലാണ് മൃഗസംരക്ഷണവകുപ്പിന് കീഴിലുള്ള കേരള ഫീഡ്സ് ലിമിറ്റഡ് മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്യുന്നത്. ചടങ്ങില്‍ നെടുമങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ സി. എസ് ശ്രീജ അധ്യക്ഷത വഹിച്ചു.