മാടപ്പള്ളി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന് 2.42 കോടിയുടെ പുതിയ കെട്ടിടം

post

കോട്ടയം ജില്ലയിലെ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ വാകത്താനം കുടുംബാരോഗ്യ കേന്ദ്രത്തിന് 2.42 കോടി രൂപയുടെ പുതിയ കെട്ടിടം. വാകത്താനം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിൽ സ്ഥിതിചെയ്തിരുന്ന പഴയ സാമൂഹികാരോഗ്യ കേന്ദ്രം പൊളിച്ചുമാറ്റിയാണ് കുടുംബാരോഗ്യ കേന്ദ്രത്തിനായി പുതിയ കെട്ടിടം നിർമിക്കുന്നത്.

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ രണ്ടു കോടി രൂപയും സംസ്ഥാന സർക്കാർ ആർദ്രം മിഷനിലൂടെ അനുവദിച്ച 35 ലക്ഷം രൂപയും ഹെൽത്ത് വെൽനസ് മെയിന്റനൻസിലൂടെ അനുവദിച്ച ഏഴു ലക്ഷം രൂപയും ചേർത്താണ് 2.42 കോടി രൂപ കെട്ടിടത്തിന്റെ നിർമാണത്തിനായി ചെലവിടുന്നത്. 8188.36 ചതുരശ്ര അടി വിസ്തൃതിയുള്ള രണ്ടുനില കെട്ടിടമാണ് കുടുംബാരോഗ്യ കേന്ദ്രത്തിനായി നിർമിക്കുന്നത്.

ഒ.പി. സൗകര്യം, ഫാർമസി, സ്റ്റോർ റൂം, ഇമ്മ്യൂണൈസേഷൻ സെന്റർ എന്നിവയടങ്ങുന്നതാണ് പുതിയ കെട്ടിടം. രണ്ടുവർഷമാണ് കെട്ടിടത്തിന്റെ നിർമാണ കാലാവധി. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള മാടപ്പള്ളി, വാകത്താനം, വാഴപ്പള്ളി, തൃക്കൊടിത്താനം, പായിപ്പാട് തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രധാന ഗുണഭോക്താക്കൾ. കുടുംബാരോഗ്യ കേന്ദ്രത്തിനായുള്ള കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.രാജു പറഞ്ഞു.