സംരംഭകര്‍ക്ക് എം.എസ്.എം.ഇ ക്ലിനിക് സേവനം

post

ജില്ലാ വ്യവസായ കേന്ദ്രങ്ങളില്‍ വരുന്ന സംരംഭകരുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ ഉപദേശങ്ങള്‍ നല്‍കുന്നതിനുമായി ജില്ലകളില്‍ രൂപീകരിച്ച എം.എസ്.എം.ഇ ക്ലിനിക് (മൈക്രോ സ്മാള്‍ മീഡിയം എന്റര്‍പ്രൈസ്) സേവനം സംരംഭകര്‍ക്ക് പ്രയോജനപ്പെടുത്താം. വിവിധ വിഷയങ്ങളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തിയാണ് ക്ലിനിക് രൂപീകരിച്ചിട്ടുള്ളത്. പാലക്കാട് ജില്ലയിൽ സേവനങ്ങള്‍ ആവശ്യമായ സംരംഭകര്‍ക്ക് മേല്‍വിലാസം, ഫോണ്‍ നമ്പര്‍, സേവനം ആവശ്യമായ മേഖല എന്നിവ വെള്ളക്കടലാസില്‍ രേഖപ്പെടുത്തി തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ജില്ലാ വ്യവസായ കേന്ദ്രത്തിലോ ബന്ധപ്പെട്ട താലൂക്ക് വ്യവസായ കേന്ദ്രത്തിലോ ഗ്രാമപഞ്ചായത്ത്/ നഗരസഭ സംരംഭക വികസന എക്‌സിക്യൂട്ടീവുമായോ ബന്ധപ്പെടാം.

ജില്ലയില്‍ നിയമം, മാര്‍ക്കറ്റിങ്, ഡി.പി.ആര്‍ തയ്യാറാക്കല്‍, എക്‌സ്‌പോര്‍ട്ട്, ജി.എസ്.ടി, ടെക്‌നോളജി, കണ്‍സെന്റ്‌സ് ആന്‍ഡ് ലൈസന്‍സ്, ബാങ്കിങ് എന്നീ മേഖലകളിലെ സംരംഭകര്‍ക്ക് ആവശ്യമായ സേവനം ക്ലിനിക് മുഖേന സൗജന്യമായി ലഭിക്കും. ഓരോ സംരംഭകനും ഒരു മേഖലയിലെ വിദഗ്ധന്റെ സേവനം മൂന്ന് തവണ പ്രയോജനപ്പെടുത്താം. ഒരു തവണ ഒന്നിലധികം മേഖലകളില്‍ സേവനം ആവശ്യപ്പെടാനാകും. പ്രശ്‌നങ്ങള്‍ ഓണ്‍ലൈന്‍ മുഖേന പരിഹരിക്കുമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു. ഫോണ്‍: 0491 2505385, 2505408.