വെള്ളമുണ്ട ഗ്രാമപഞ്ചായത്തിന് പുതിയ കെട്ടിടം; ശിലാസ്ഥാപനം നടത്തി

post

ശുചിത്വ പരിപാലനത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ ജാഗ്രത പുലര്‍ത്തണം: മന്ത്രി എം.ബി രാജേഷ്

വയനാട് ജില്ലയിലെ വെള്ളമുണ്ട ഗ്രാമപഞ്ചായത്തിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വ്വഹിച്ചു. 1.94 കോടി രൂപ വിനിയോഗിച്ച് മൂന്ന് നിലകളിലായാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം. ബാണാസുര ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് നിര്‍മ്മാണ ചുമതല. പൊരുന്നന്നൂര്‍, വെള്ളമുണ്ട എന്നീ വില്ലേജുകളാണ് പഞ്ചായത്ത് പരിധിയിലുള്ളത്. 97 ലക്ഷം രൂപയുടെ പ്രവൃത്തിയാണ് ആദ്യഘട്ടത്തില്‍ നടത്തുക.

ശുചിത്വ പരിപാലനത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും കേരളത്തെ സമ്പൂര്‍ണ്ണ ശുചിത്വ സുന്ദര ഭൂമിയായി മാറ്റാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു. പ്രാദേശിക സര്‍ക്കാരുകളായി പ്രവര്‍ത്തിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ചുമതലകള്‍ നിര്‍വഹിക്കാനുണ്ട്. സംസ്ഥാന പദ്ധതി വിഹിതത്തിന്റെ 27.19 ശതമാനം തുക തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് നല്‍കുന്നത്. തെരുവുനായ ശല്യം രൂക്ഷമാകാനുള്ള കാരണങ്ങളില്‍ ഒന്നാണ് വലിച്ചെറിയുന്ന മാലിന്യങ്ങള്‍. ശുചിത്വ പരിപാലനത്തില്‍ ജില്ലയിലെ ബത്തേരി നഗരസഭ ഉദാത്ത മാതൃകയാണ്. തെരുവില്‍ മാലിന്യം നിക്ഷേപിച്ചാല്‍ അവരില്‍ നിന്നും കൂടുതല്‍ തുക പിഴ ഈടാക്കുന്ന നിയമം നടപ്പിലാക്കാന്‍ കേരള സര്‍ക്കാര്‍ ഒരുങ്ങുകയാണെന്നും അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് തദ്ദേശ സ്ഥാപനങ്ങള്‍ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് കെട്ടിടത്തിനായി 35 സെന്റ് സ്ഥലം സൗജന്യമായി വിട്ടു നല്‍കിയ തോലന്‍ ആയിഷയെ ചടങ്ങില്‍ മന്ത്രി ആദരിച്ചു. തോലന്‍ ആയിഷയുടെ കുടംബം സംഭാവന നല്‍കിയ 35 സെന്റിലാണ് പുതിയ ഓഫീസ് നിര്‍മ്മിക്കുന്നത്.