മരുത ഗവ. ഹൈസ്ക്കൂളിന് പുതിയ ഇരുനിലക്കെട്ടിടം

മലപ്പുറം ജില്ലയിലെ മരുത ഗവ. ഹൈസ്ക്കൂൾ കെട്ടിടം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസം അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടിരുന്ന കാലത്തുനിന്നും ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്കുന്ന ഇടമായി മാറിയെന്ന് മന്ത്രി പറഞ്ഞു. കലയും കായികവും പഠനവും ചേർന്ന് കൊണ്ടുള്ള കേന്ദ്രങ്ങളായി സംസ്ഥാനത്തെ വിദ്യാലയങ്ങൾ മാറി. വിദ്യാലയങ്ങളെ സാംസ്കാരിക കേന്ദ്രങ്ങളായി മാറ്റിയെടുക്കാൻ കഴിഞ്ഞെന്നും മന്ത്രി വ്യക്തമാക്കി.
സ്വകാര്യ വിദ്യാലയങ്ങളിൽ പഠിച്ചിരുന്ന 11 ലക്ഷത്തിൽ പരം വിദ്യാർഥികൾ ഇന്ന് പൊതുവിദ്യാലയങ്ങളെ ആശ്രയിക്കുന്നു. കാലത്തിന് അനുസൃതമായി കുട്ടികളെ വളർത്തിയെടുക്കുന്നതിനായി മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കി കൊടുക്കാൻ കഴിഞ്ഞു. വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾക്കായി ഏറ്റവും കൂടുതൽ തുക ലഭിച്ചത് മലപ്പുറം ജില്ലക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നബാർഡ് ഫണ്ടുപയോഗിച്ച് രണ്ട് കോടി വിനിയോഗിച്ചാണ് ഇരുനില കെട്ടിടം നിർമിച്ചത്. ചടങ്ങിൽ ജർമനിയിൽ സ്പെഷ്യൽ സ്കൂൾ ഗെയിംസിൽ ഇന്ത്യക്ക് വേണ്ടി സ്വർണ്ണം നേടിയ മരുത സ്വദേശി അബ്ദുൾ നിസാറിനെ ചടങ്ങിൽ അനുമോദിച്ചു. പി.വി. അൻവർ എം.എൽ.എ അധ്യക്ഷനായി.