ഭൂമിയ്ക്കടിയിൽ നിന്നുണ്ടായ മുഴക്കം: ആശങ്കപ്പെടേണ്ടതില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

post

കേരളത്തിലെ ചില ജില്ലകളിൽ ഭൂമിയ്ക്കടിയിൽ നിന്നു മുഴക്കം ഉണ്ടായ സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ഡൽഹി ആസ്ഥാനമായിട്ടുള്ള നാഷണൽ സെന്റർ ഫോർ സിസ്‌മോളജിയുമായി ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. നിലവിൽ ആശങ്കപെടേണ്ട സാഹചര്യം ഇല്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

കാസർഗോഡ്, കോട്ടയം, തൃശ്ശൂർ ജില്ലകളിലെ ചില പ്രദേശങ്ങളിലാണ് കഴിഞ്ഞ മൂന്നാഴ്ചകൾക്കുള്ളിൽ വിവിധ സമയങ്ങളിൽ ചെറിയ തോതിലുള്ള വിറയൽ അനുഭവപ്പെടുന്നതായും ഭൂമിക്കടിയിൽ നിന്ന് മുഴക്കത്തിലുള്ള ശബ്‍ദം കേൾക്കുന്നതായും റിപ്പോർട്ടു ചെയ്യപ്പെട്ടത്. ഭൗമാന്തർ ഭാഗത്തുണ്ടാകുന്ന ചെറിയ ചലനങ്ങളുടെ പരിണിത ഫലമായാണ് ഇത്തരം വിറയലും, ഭൂമിക്കടിയിൽ നിന്നുള്ള ശബ്ദവും കേൾക്കുന്നതെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ചെറിയ അളവിൽ ഉണ്ടാകുന്ന മർദം പുറംതള്ളുന്നത് കൊണ്ട് മറ്റു പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ വിരളമാണെന്നും ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.