സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ട്

കേരളത്തിൽ അടുത്ത 2 ദിവസം വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. തുടർന്ന് മഴയുടെ തീവ്രത കുറയുമെന്നാണ് കാലാവസ്ഥാ പ്രവചനം.
മൺസൂൺ പാത്തി തെക്കോട്ടു മാറി കേന്ദ്രീകരിച്ചു. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ തീരദേശ ന്യുനമർദ്ദ പാത്തി നിലനിൽക്കുന്നു. ചക്രവാതചുഴി നിലവിൽ പശ്ചിമ ബംഗാൾ - വടക്കൻ ഒഡിഷക്ക് മുകളിൽ നിലകൊള്ളുകയാണ്.
ഇന്ന് കണ്ണൂർ കാസറഗോഡ് ജില്ലകളിൽ അതി തീവ്രമഴക്ക് സാധ്യത.
റെഡ് അലർട്ട്
ജൂലൈ 6 ന് കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
ഓറഞ്ച് അലർട്ട്
ജൂലൈ 6 ന് ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
മഞ്ഞ അലർട്ട്
ജൂലൈ 6 ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും ജൂലൈ 7 ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ജൂലൈ 8 ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ പെയ്ത സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ, താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ട് എന്നിവയുണ്ടാകാൻ സാധ്യതയുണ്ട്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.