ആര്യനാട് ഗവ.വി & എച്ച്.എസ്.എസിന് പുതിയ കെട്ടിടം

അരുവിക്കര നിയോജക മണ്ഡലത്തിലെ ആര്യനാട് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പുതിയ മന്ദിരം ജി.സ്റ്റീഫന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഏഴ് വര്‍ഷ കാലയളവില്‍ പൊതുവിദ്യാലയങ്ങളിലെ ഭൗതിക സൗകര്യങ്ങളിലും പഠനനിലവാരത്തിലും വലിയമാറ്റമാണുണ്ടായതെന്ന് എം.എല്‍.എ പറഞ്ഞു. എസ്.എസ്.എല്‍.സി പരീക്ഷകളിലടക്കം പൊതുവിദ്യാലയങ്ങള്‍ മികവ് പുലര്‍ത്തുന്ന കാഴ്ചയാണുള്ളതെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ 2021-22 ജനകീയാസൂത്രണം പദ്ധതിയിലുള്‍പ്പെടുത്തി ഒരു കോടി രണ്ട് ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിര്‍മിച്ചത്. 4,500 സ്‌ക്വയര്‍ഫീറ്റാണ് പുതിയ മന്ദിരത്തിന്റെ വിസ്തൃതി.
അത്യാധുനിക ലാബ് അടക്കമുള്ള സംവിധാനങ്ങളോടെ മറ്റൊരു കെട്ടിടവും സ്‌കൂളില്‍ നിര്‍മാണം ആരംഭിക്കാനൊരുങ്ങുകയാണ്. കിഫ്ബി-കില ധനസഹായത്തോടെ മൂന്ന് കോടി തൊണ്ണൂറുലക്ഷം രൂപയാണ് പുതിയ കെട്ടിടത്തിനായി വിനിയോഗിക്കുന്നത്.പ്രൊഫസര്‍ ജോസഫ് മുണ്ടശ്ശേരിയുടെ നാമധേയത്തില്‍ സ്‌കൂളില്‍ ഒരുക്കിയ ഔഷധസസ്യത്തോട്ടത്തിന്റെ ഉദ്ഘാടനവും എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും ജി.സ്റ്റീഫന്‍ എ.എല്‍.എ നിര്‍വഹിച്ചു.
വനമേഖലയിലുള്ള നൂറ്റിയമ്പതോളം ഔഷ്യധസസ്യങ്ങളാണ് തോട്ടത്തിലുള്ളത്. എസ്.എസ്.എല്‍.സിയില്‍ മുഴുവന്‍ എ പ്ലസ് നേടിയ 15 വിദ്യാര്‍ത്ഥികള്‍ക്കും പ്ലസ്ടുവിന് വിജയം നേടിയ 24 വിദ്യാര്‍ത്ഥികള്‍ക്കും വി എച്ച് എസ് എസ് വിഭാഗത്തിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും ഉപഹാരം നല്‍കി അനുമോദിച്ചു. കൂടാതെ സ്‌കൂളിലെ പൂര്‍വവിദ്യാര്‍ത്ഥിയും വനമിത്ര ജേതാവുമായ സനകനെ ചടങ്ങില്‍ ആദരിച്ചു.