വോര്‍ക്കാടിയിൽ 'ചെറുധാന്യങ്ങളുടെ സംസ്കരണവും മൂല്യവര്‍ദ്ധനവും' പരിശീലന പരിപാടി നടന്നു
അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷത്തോടനുബന്ധിച്ച് കാസർഗോഡ് ജില്ലയിലെ വോര്‍ക്കാടിയിലെ കേരള കാര്‍ഷിക സര്‍വ്വകലാശാല എക്സ്റ്റന്‍ഷന്‍ ട്രെയിനിങ് സെന്ററിൽ 'ചെറുധാന്യങ്ങളുടെ സംസ്കരണവും മൂല്യവര്‍ദ്ധനവും' പരിശീലന പരിപാടി നടന്നു. ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ ചെറുധാന്യ കൃഷി വിപുലീകരിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മറ്റു വിളകളേക്കാള്‍ തിന കൃഷിക്ക് വെള്ളം കുറവ് മതിയാകും എന്നതിനാല്‍ ജില്ലയിലെ പാടശേഖരങ്ങള്‍ക്ക് ഇവ അനുയോജ്യമാണ്. ജില്ലയുടെ ഭക്ഷ്യ വൈവിധ്യവും കാര്‍ഷിക വൈവിധ്യവും മെച്ചപ്പെടുത്തുവാന്‍ തിനകളുടെ സംസ്‌കരണവും മൂല്യവര്‍ധനവും വഴി സാധിക്കുമെന്നും കളക്ടര്‍ പറഞ്ഞു. സ്ഥാപനത്തിലെ 27 ഇനം കുരുമുളകുകളുടെ ജനിതകശേഖരത്തിന്റെ ഉദ്ഘാടനം കളക്ടര്‍ നിര്‍വ്വഹിച്ചു. രോഗ പ്രതിരോധ ശേഷി കൂടുതല്‍ ഉള്ള 'കുമ്പുക്കല്‍' ഇനം കുരുമുളക് സ്ഥാപന മേധാവിയില്‍ നിന്നും ഏറ്റുവാങ്ങി. നീലം, അല്‍ഫോന്‍സാ മാവുകള്‍ ക്രോസ്സ് ചെയ്തുണ്ടാക്കിയ സ്‌പോഞ്ചിടിഷ്യൂ എന്ന പ്രശ്‌നത്തിനുള്ള പ്രതിരോധശേഷിയുള്ള ഹൈബ്രിഡ്മാവായ 'രത്‌ന'എന്ന ഇനത്തിന്റെ നടീലും കളക്ടര്‍ നിര്‍വ്വഹിച്ചു. വോര്‍ക്കാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഭാരതി അധ്യക്ഷത വഹിച്ചു.










