എതിര്‍പ്പിന്റെ ഭാഗമായി ഒരു വികസന പദ്ധതിയും ഉപേക്ഷിക്കില്ല: മുഖ്യമന്ത്രി പിണറായി വിജയന്‍

post

അടൂര്‍: എതിര്‍പ്പിന്റെ ഭാഗമായി ഒരു വികസന പദ്ധതിയും ഉപേക്ഷിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എതിര്‍പ്പിനെ അതിജീവിച്ച് മുന്നോട്ടുപോകുവാനേ നാടിന്റെ വികസനം ആഗ്രഹിക്കുന്ന സര്‍ക്കാരിനു കഴിയുവെന്നും ഇനിയും അതു തന്നെയാകും സര്‍ക്കാര്‍ സമീപനമെന്നും മുഖ്യമന്ത്രി പറഞ്ഞു. അടൂര്‍ ഗ്രീന്‍വാലി ഓഡിറ്റോറിയത്തില്‍ ഇടമണ്‍കൊച്ചി 400 കെ.വി ട്രാന്‍സ്മിഷന്‍ ലൈന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

ശക്തമായ എതിര്‍പ്പുകളെ മറികടന്നാണ് ഇടമണ്‍ കൊച്ചി പവര്‍ ഹൈവേ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. പദ്ധതിയുടെ 93.5 ശതമാനത്തോളം പ്രവൃത്തികളും പൂര്‍ത്തിയാക്കപ്പെടാതെ ഇരിക്കുന്ന ഘട്ടത്തിലാണ് 2016ല്‍ ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. പ്രതിസന്ധിയിലായിരുന്ന പദ്ധതിയെയാണ് സര്‍ക്കാര്‍ യഥാര്‍ഥ്യമാക്കിയിരിക്കുന്നത്. വികസന പദ്ധതികള്‍ നാടിന് എത്രമാത്രം ആവശ്യമാണെന്ന് കണ്ടറിഞ്ഞ് നാടിനേയും, ബുദ്ധിമുട്ട് അനുഭവിക്കുന്നവരെയും പദ്ധതിയുടെ ഗുണങ്ങള്‍ ബോധ്യപ്പെടുത്തി അര്‍ഹമായ നഷ്ടപരിഹാരം നല്‍കിയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.   

ഇടമണ്‍കൊച്ചി പവര്‍ ഹൈവേ പദ്ധതി യഥാര്‍ത്ഥ്യമാക്കുന്നതിനു തടസങ്ങളുണ്ടായിരുന്ന ചില പ്രദേശങ്ങളില്‍ ജനപ്രതിനിധികള്‍ ഇടപെട്ട് യോഗങ്ങള്‍ സംഘടിപ്പിച്ച് പദ്ധതിയുടെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തി.  അതുപോലെ ജില്ലാ കളക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനവും എടുത്തുപറയേണ്ടതാണ്. പവര്‍ ഹൈവേ കടന്നുപോകുന്ന ചില പ്രദേശങ്ങളില്‍ കൃഷിക്കാരെ സഹായിക്കാന്‍ ടവര്‍ ഉയര്‍ത്തിയാണ് നിര്‍മ്മിച്ചിട്ടുള്ളത്. പവര്‍ഗ്രിഡ് കോര്‍പറേഷനും പദ്ധതി പൂര്‍ത്തിയാക്കുവാന്‍ ഉത്സാഹത്തോടെയാണ് പ്രവര്‍ത്തിച്ചത്. 

ഏതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും ഈ നാട്ടില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്ന ശാപവാക്കുകള്‍ മാറി. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസം ഉണ്ടാകാത്ത സമീപനമാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഏതു വികസന പദ്ധതി നടക്കുമ്പോഴും ചിലര്‍ക്കു വ്യക്തിപരമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ആ പദ്ധതികൊണ്ട് നാടിന് ഉണ്ടാകുന്ന പുരോഗതിയെക്കുറിച്ച് അവരെ വ്യക്തമായി ബോധ്യപ്പെടുത്തി അവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കി പദ്ധതിയുമായി മുന്നോട്ട് പോകുവാനാണ്  സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ പദ്ധതി മാത്രമല്ല, ഗെയില്‍ പൈപ്പ് ലൈന്‍, ദേശീയപാത വികസനം എന്നീ കാര്യങ്ങളിലും നിരവധി തടസങ്ങള്‍ ഉണ്ടായിരുന്നു. ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തിയാകുവാന്‍ ഇനി മൂന്നു കിലോമീറ്റര്‍ മാത്രമാണ് അവശേഷിക്കുന്നത്. ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ല. ദേശീയപാത അതോറിറ്റി ഉന്നയിച്ച ചില പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിച്ചു. ദേശീയ പാതയുടെ നിര്‍മ്മാണം വേഗത്തില്‍ നടത്താന്‍ കഴിയുമെന്നാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ച വിവരം. 

പവര്‍ഗ്രിഡ് കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ കെ.എസ്.ഇ.ബി സ്‌പെഷല്‍ ടാക്‌സ് ഫോഴ്‌സ് രൂപീകരിച്ചു. നഷ്ടപരിഹാരത്തിന് സ്‌പെഷല്‍ പാക്കേജ് പ്രഖ്യാപിച്ച് സമയബന്ധിതമായി കൃത്യമായി വിതരണം ചെയ്യുവാനും കഴിഞ്ഞു. ജനകീയവും കാര്യക്ഷമവുമായ രീതിയിലാണ് ഈ പദ്ധതി പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.