സ്മാർട്ട് ആയി കാസർഗോഡ് ജില്ലയിലെ വില്ലേജ് ഓഫീസുകൾ

ഏഴു വർഷത്തിനകം നൽകിയത് മൂന്ന് ലക്ഷം പട്ടയം - മന്ത്രി കെ രാജൻ
കാസർഗോഡ് ജില്ലയിലെ പടന്നയിലും പിലിക്കോടും സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിച്ചു. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ ഒരു ലക്ഷത്തി ഇരുപത്തിമൂവായിരം പേർക്ക് പട്ടയം നൽകാൻ കഴിഞ്ഞെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ മൂന്ന് ലക്ഷത്തോളം പേർ ഭൂമിയുടെ ഉടമസ്ഥരായി. ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും വിവിധ വിഭാഗങ്ങളുടെ പ്രതിനിധികളെയും ഉൾപ്പെടുത്തി രൂപികരിക്കുന്ന വില്ലേജ്തല ജനകീയ സമിതി എല്ലാ വിഷയങ്ങളും ചർച്ച ചെയ്യപ്പെടുന്ന കേന്ദ്രമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
നിരവധി സങ്കീർണമായ പ്രശ്നങ്ങൾക്ക് നടുവിൽ നിന്ന് വില്ലേജ് ഓഫീസർമാർക്കും ജീവനക്കാർക്കും മനസ്സമാധാനത്തോടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ കഴിയണമെങ്കിൽ വില്ലേജ് ഓഫീസുകൾ സ്മാർട്ട് ആകണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. മിതമായ ഉദ്യോഗസ്ഥ സംവിധാനത്തിന് അകത്ത് നിന്ന് കൊണ്ട് ജനങ്ങളുടെ പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കാൻ റവന്യൂ വകുപ്പിനെ പ്രാപ്തമാക്കുമെന്നും അദ്ദഹം പറഞ്ഞു.
ചടങ്ങിൽ എം. രാജഗോപാലൻ എം.എൽ എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ കെ ഇമ്പശേഖർ, വില്ലേജ് ഓഫീസർ എ രമണി, പിലിക്കോട് വില്ലേജ് ഓഫീസർ ബി ജസ്റ്റസ്, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അസ്ലം, പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി പ്രസന്ന കുമാരി തുടങ്ങിയവർ പങ്കെടുത്തു.