മീനച്ചിൽ ഗ്രാമപഞ്ചായത്ത് ഫിറ്റ്നസ് കേന്ദ്രം ഉദ്ഘാടനം ചെയ്തു

post

കോട്ടയം ജില്ലയിലെ മീനച്ചിൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ രാജ്യാന്തര നിലവാരത്തിൽ സജ്ജമാക്കിയ ആധുനിക ഫിറ്റ്‌നസ് കേന്ദ്രത്തിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. ആധുനിക ജീവിത സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന ജീവിതശൈലി രോഗങ്ങൾ, മാനസിക സമ്മർദ്ദങ്ങൾ എന്നിവയിൽനിന്ന് വിടുതൽ നേടുന്നതിന് വ്യായാമ കേന്ദ്രങ്ങൾ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.

പദ്ധതിക്ക് മുൻകൈയെടുത്ത ഗ്രാമപഞ്ചായത്തിനെയും കായികവകുപ്പിനെയും മന്ത്രി അഭിനന്ദിച്ചു. ഫിറ്റ്‌നസ് കേന്ദ്രം സ്ത്രീ സൗഹൃദമാകണമെന്നു നിർദേശിച്ച മന്ത്രി വയോജനങ്ങളുടെ മാനസിക ശാരീരിക ആരോഗ്യത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടപ്പാക്കണമെന്നും പറഞ്ഞു.

കായിക വകുപ്പ് അനുവദിച്ച ഒന്നേകാൽ കോടി രൂപ ചെലവിട്ടാണ് 2500 ചതുരശ്രഅടി വിസ്തീർണത്തിൽ പൂർണമായും ശീതികരിച്ച കേന്ദ്രം സജ്ജമാക്കിയത്. ട്രെഡ്മിൽ, കാർഡിയോ മെഷീനുകൾ, ബെഞ്ച് പ്രസ്, റോവിംഗ് മെഷീൻ, പുൾ ഡൗൺ-പുൾ അപ് മെഷീനുകൾ, പവർ ലിഫ്റ്റിംഗ് തുടങ്ങി മുപ്പതിലധികം ഫിറ്റ്നെസ് ഉപകരണങ്ങളും മ്യൂസിക് സിസ്റ്റവും ഒരുക്കിയിട്ടുണ്ട്.

പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം കാഴ്ചവച്ച വിളക്കുമാടം സെന്റ്. ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളിനെ ചടങ്ങിൽ ആദരിച്ചു. പൈക ടൗണിലെ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിൽ നടന്ന ചടങ്ങിൽ മാണി സി. കാപ്പൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജോസ് കെ. മാണി എം.പി, മീനച്ചിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാല, ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ തുടങ്ങിയവർ പങ്കെടുത്തു.

കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിൽ വനിതാ ഫിറ്റ്നസ് സെന്റർ

കോട്ടയം കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിലെ വനിതാ ഫിറ്റ്നസ് സെന്റർ ജില്ലാ പഞ്ചായത്തംഗം നിർമ്മല ജിമ്മി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് 2022 -23 സാമ്പത്തിക വർഷത്തെ വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വനിതാ ഫിറ്റ്നസ് സെന്റർ പണികഴിപ്പിച്ചത്. മൂന്നുലക്ഷം രൂപയാണ് വനിതാ ഫിറ്റ്നസ് സെന്ററിനായി ചെലവഴിച്ചത്.


ഗ്രാമപഞ്ചായത്ത് കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് വനിതകൾക്കുള്ള ഫിറ്റ്നസ് സെന്റർ ഒരുക്കിയിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ സെബാസ്റ്റ്യൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പുളിക്കിയിൽ, ബ്ലോക്ക് പഞ്ചായത്തംഗം ജീന സിറിയക്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലളിതാ മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.