ഇത് 'മാജിക് വോയിസ്': എലിക്കുളത്തെ ഭിന്നശേഷിക്കാരുടെ ഗായകസംഘത്തിന് തുടക്കം

post

കോട്ടയം ജില്ലയിൽ എലിക്കുളം ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി, വയോജന ഗാനമേള ട്രൂപ്പ് ഇളങ്ങുളം ശാസ്താ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. ഇച്ഛാശക്തിയുണ്ടെങ്കിൽ ആർക്കും ഏത് പരിമിതികളിലും മുന്നേറാൻ സാധിക്കും എന്നതിന് തെളിവാണ് എലിക്കുളത്തിന്റെ 'മാജിക്ക് വോയ്സ് ' എന്ന ഭിന്നശേഷിക്കാരുടെയും വയോജനങ്ങളുടെയും ഗാനമേള ട്രൂപ്പെന്ന് മന്ത്രി പറഞ്ഞു.

നമ്മുടെ സമൂഹം ഭിന്നശേഷി സൗഹൃദമാവാനുള്ള പ്രവർത്തനങ്ങളാണ് സാമൂഹ്യ നീതി വകുപ്പ് വിവിധ സന്നദ്ധ സംഘടനകളുമായി ചേർന്ന് നടപ്പാക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഗാനമേള ട്രൂപ്പിലെ ഗായകർ പാടിയ 'പാലാപ്പള്ളി തിരുപ്പള്ളി' എന്ന ഗാനത്തിന് ഇളങ്ങുളം തിരുഹൃദയഭവൻ, എലിക്കുളം സെറിനിറ്റി ഹോം തുടങ്ങിയ അഗതിമന്ദിരങ്ങളിലെ അന്തേവാസികൾ, കന്യാസ്ത്രീകൾ എന്നിവർക്കൊപ്പം ചുവട് വച്ചശേഷമാണ് മന്ത്രി ആർ. ബിന്ദു മടങ്ങിയത്.

എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി ചടങ്ങിൽ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ടി.എൻ. ഗിരീഷ് കുമാർ, ജെസി ഷാജൻ, ജില്ലാ പഞ്ചായത്തംഗം ജോസ് മോൻ മുണ്ടയ്ക്കൽ, എലിക്കുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിൽവി വിൽസൺ തുടങ്ങിയവർ പങ്കെടുത്തു.