കുരുന്നുകൾക്ക് ഉല്ലസിക്കാൻ വർണ്ണകൂടാരമൊരുക്കി പാറശാല കൊടവിളാകം സ്കൂൾ

post

സമഗ്ര ശിക്ഷാ കേരളയുടെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി കൊടവിളാകം ഗവ എൽ.പി സ്‌കൂളിൽ പൂർത്തിയായ വർണ്ണകൂടാരം മാതൃക പ്രീപ്രൈമറിയുടെ ഉദ്ഘാടനം സി. കെ ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു.

തുമ്പികൈ വഴി വെള്ളം ചീറ്റുന്ന ആനയും ഫൗണ്ടനും മാനും ഒട്ടകവും ജിറാഫും സീബ്രയും പറവകളുമെല്ലാം കൊടവിളാകം ഗവ.എൽ പി സ്കൂള്‍ അങ്കണത്തിലുണ്ട്. ഭാഷായിടം, വരയിടം, ഗണിതയിടം, കുഞ്ഞരങ്ങ്, ആട്ടവും പാട്ടും ഇടം, ശാസ്ത്രയിടം, അകം കളിയിടം, പുറം കളിയിടം, ഹരിതയിടം, പഞ്ചേന്ദ്രിയ ഇടം, കരകൗശലയിടം, നിർമാണയിടം എന്നിങ്ങനെ 13 ഇടങ്ങളാണ് സ്‌കൂളിൽ ഒരുക്കിയിട്ടുള്ളത്.


18 ലക്ഷം രൂപയാണ് വര്‍ണക്കൂടാരമൊരുക്കാന്‍ ചിലവായത്. ക്ലാസ്മുറികളില്‍ ഭാഷയും ഗണിതവും ശാസ്ത്രവും പ്രകൃതിയും കലകളും അഭ്യസിക്കുന്നതിനുള്ള പ്രത്യക ഇടങ്ങളും ഒരുക്കിയിട്ടുണ്ട്. ചടങ്ങിൽ പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു സ്മിത അധ്യക്ഷത വഹിച്ചു.