മിടുക്കര്‍ക്കായി 'മികവുത്സവം', വിദ്യാര്‍ത്ഥികളെ അനുമോദിച്ച് മന്ത്രിമാര്‍

post

നെടുമങ്ങാട് മണ്ഡലത്തില്‍ 'മികവുത്സവം' മന്ത്രി കെ.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

നെടുമങ്ങാട് നിയോജക മണ്ഡലത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ മണ്ഡലം എം.എല്‍.എ കൂടിയായ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനിലിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. നെടുമങ്ങാട് എം.എല്‍.എ വിദ്യാഭ്യാസ അവാര്‍ഡ്-'മികവുത്സവം 2023' പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

അറിവും വിദ്യാഭ്യാസവും അടിസ്ഥാനമായ ഒരു സമൂഹത്തെയാണ് വാര്‍ത്തെടുക്കേണ്ടതെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. സമ്പൂര്‍ണ സാക്ഷരത പോലെ സമ്പൂര്‍ണ ഡിജിറ്റല്‍ വിദ്യാഭ്യാസത്തിലും ഒന്നാമതെത്താനുള്ള ശ്രമം കേരളം നടത്തുകയാണെന്നും കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ സാധാരണക്കാരന്റെ കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകളുടെ പഠനനിലവാരം ഉയര്‍ത്താന്‍ കഴിഞ്ഞെന്നും മന്ത്രി വ്യക്തമാക്കി. ചടങ്ങില്‍ മന്ത്രി ജി.ആര്‍ അനില്‍ അധ്യക്ഷനായിരുന്നു. തന്റെ മണ്ഡലത്തിലെ കുട്ടികള്‍ അഭിമാനകരമായ നേട്ടമാണ് കൈവരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രചോദനമാണ് ഈ അവാര്‍ഡെന്നും തുടര്‍വിദ്യാഭ്യാസത്തിനുള്ള ഭൗതിക സാഹചര്യം ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ 586 വിദ്യാര്‍ത്ഥികള്‍ക്കും പ്ലസ്ടുവില്‍ മികച്ച വിജയം നേടിയ 242 വിദ്യാര്‍ത്ഥികള്‍ക്കും സി.ബി.എസ്.ഇ വിഭാഗത്തില്‍ ഉന്നത വിജയം കരസ്ഥമാക്കിയ 36 വിദ്യാര്‍ത്ഥികള്‍ക്കും മന്ത്രി ജി.ആര്‍ അനില്‍ അവാര്‍ഡുകള്‍ നല്‍കി.

എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറ് ശതമാനം വിജയം കൈവരിച്ച 14 സ്‌കൂളുകളാണ് മണ്ഡലത്തിലുള്ളത്. ഇതില്‍ നെടുമങ്ങാട് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് മന്ത്രി കെ.രാധാകൃഷ്ണന്‍ അവാര്‍ഡ് നല്‍കി. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പിന്തുണ നല്‍കുകയും സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്ത നെടുമങ്ങാട് നഗരസഭയേയും പുരസ്‌കാരം നല്‍കി മന്ത്രി കെ. രാധാകൃഷ്ണന്‍ അനുമോദിച്ചു.