ഇരുചക്ര വാഹനയാത്രക്കാര്‍ക്ക് മോട്ടോർവാഹന വകുപ്പിന്റെ സമ്മാനം

post

തലയിൽ ഹെൽമെറ്റുണ്ടായിട്ടും റോഡരികിൽ ഉദ്യോഗസ്ഥന്റെ സ്റ്റോപ്പ് സിഗ്നൽ. നിയമങ്ങളെല്ലാം പാലിച്ചിട്ടുണ്ടെന്ന ആത്മവിശ്വാസത്തിൽ ഇരുചക്ര വാഹനങ്ങളില്‍ നിരത്തിലിറങ്ങിയവർക്ക് സമ്മാനമായി ഹെൽമെറ്റ് നൽകി. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധനയിൽ കണ്ടെത്തിയ സുരക്ഷിതമല്ലാത്തതും ഗുണനിലവാരമില്ലാത്തതും ഐ എസ് ഐ മുദ്ര ഇല്ലാത്തതുമായ ഹെൽമറ്റുകൾക്ക് പകരമാണ് യാത്രക്കാർക്ക് പുത്തൻ ഹെൽമെറ്റ് ഉപഹാരമായി നൽകിയത്.

മുതിർന്നവർക്ക് മാത്രമല്ല കുട്ടികൾക്കും നല്‍കി ഹെൽമറ്റുകൾ. ഹെൽമറ്റ് ഉപയോഗവും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൊണ്ടോട്ടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് യാത്രക്കാർക്ക് ഹെൽമെറ്റ് സമ്മാനമായി നൽകിയത്. വിവിധ വ്യാപാര സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സഹകരണത്തോടെയായിരുന്നു ഹെൽമറ്റ് വിതരണം.

കൊണ്ടോട്ടി സബ് ആർടിഒ ഓഫീസിന്റെ കീഴിലുള്ള വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച് നൽകിയ ഹെൽമറ്റ് വിതരണത്തിന് ജോയിന്റ് ആർടിഒ എം അൻവർ, എം വി ഐ കെ ബി ബിജീഷ്, എ എം വി ഐ മാരായ കെ ദിവിൻ, കെ ആർ റഫീഖ്, വാഴയൂർ രമേശൻ എന്നിവർ നേതൃത്വം നൽകി.