അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ വികസന മുന്നേറ്റവുമായി നീണ്ടൂർ തച്ചേട്ട് പറമ്പ് കോളനി

അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ നീണ്ടൂർ പഞ്ചായത്തിലെ തച്ചേട്ട് പറമ്പ് കോളനിയെ ഉൾപ്പെടുത്തി. സംസ്ഥാനത്ത് 60 കോളനികളെയാണ് ഇപ്പോൾ ഇതിൽ തിരഞ്ഞെടുത്തിരിക്കുന്നത്. ഓരോ നിയോജക മണ്ഡലത്തിലും അടിസ്ഥാന സൗകര്യ വികസനത്തില്‍ ഏറ്റവും പിന്നാക്കം നില്ക്കുന്നതും നാല്പതോ അതിലധികമോ പട്ടികജാതി കുടുംബങ്ങള്‍ അധിവസിക്കുന്നതും വികസന പ്രവര്‍ത്തനങ്ങള്‍ ആവശ്യമുള്ളതുമായ കോളനികളെ വീതം തിരഞ്ഞെടുത്ത് ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
കോളനികളില്‍ റോഡ്, ശൗചാലയം, കിണര്‍, ആരോഗ്യ കേന്ദ്രങ്ങളുടെ നിര്‍മ്മാണം തുടങ്ങിയ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ പദ്ധതി മുഖേന നടത്തും. നിലവിലുളള സൗകര്യങ്ങളുടെ നവീകരണങ്ങള്‍ക്കും ഫണ്ട് ഉപയോഗിക്കും. നീണ്ടൂർ പഞ്ചായത്തിലെ ഒന്നാം വാർഡിൽ പ്പെടുന്ന കോളനി നിവാസികളുടെ ദീർഘകാലമായുള്ള പല ആവശ്യങ്ങളും അംബേദ്കർ ഗ്രാമവികസന പദ്ധതിയിലൂടെ നടപ്പിലാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുടെ ഉന്നമനത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന നിരവധി പദ്ധതികളുടെ ഭാഗമായാണ് ഏറ്റുമാനൂരിൽ പദ്ധതി എത്തുന്നത്. അടിസ്ഥാന സൗകര്യ വികസനത്തില്‍ പിന്നാക്കം നില്ക്കുന്ന പട്ടികജാതി കോളനികളുടെ സമഗ്ര വികസനം ലക്ഷ്യം വച്ചുള്ള അംബേദ്കര്‍ ഗ്രാമം പദ്ധതി ആരംഭിക്കുന്നതൊടെ ആ മേഖലയുടെ സാമൂഹിക മുന്നേറ്റം സാധ്യമാവുമെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു.