സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ മണ്ഡലമാകാൻ ഒരുങ്ങി വട്ടിയൂർക്കാവ്

പിഎംജി മോഡൽ ഫിനിഷിംഗ് സ്കൂളിനുള്ള കമ്പ്യൂട്ടറുകളുടെ വിതരണ ഉദ്ഘാടനവും, വട്ടിയൂർകാവ് മണ്ഡലത്തിലെ ഡിജിറ്റൽ സാക്ഷരതാ പദ്ധതികളുടെ ഉദ്ഘാടനവും വി. കെ പ്രശാന്ത് എം.എൽ.എ നിർവഹിച്ചു. അഭ്യസ്തവിദ്യരായ യുവജനതയ്ക്ക് പഠിച്ച മേഖലയിൽ തൊഴിൽ ഉറപ്പാക്കണമെന്ന് എംഎൽഎ പറഞ്ഞു.
ഫിനിഷിംഗ് സ്കൂളിലെ നവീകരിച്ച കമ്പ്യൂട്ടർലാബ് വിദ്യാർത്ഥികൾക്ക് തുറന്നുനല്‍കി. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്തു. വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ മോഡൽ ഫിനിഷിംഗ് സ്കൂൾ, തിരുവനന്തപുരം നഗരസഭ സിഡിഎസ് 2 എന്നിവയുമായി സഹകരിച്ച് വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ മണ്ഡലമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്കും തുടക്കമിട്ടു.
വിദ്യാർത്ഥികൾക്കായി ഇന്റർനെറ്റ്, സമൂഹമാധ്യമങ്ങൾ, ഓൺലൈൻ പെയ്മെന്റ്, ഓൺലൈൻ ഷോപ്പിംഗ് എന്നിവയിൽ ഏകദിന സൗജന്യ പരിശീലന പരിപാടി സംഘടിപ്പിച്ചു.മോഡൽ ഫിനിഷിംഗ് സ്കൂളിൽ നിന്ന് വിവിധ കോഴ്സുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.