കോവിഡ് 19: ശുചിത്വമുറപ്പാക്കാന്‍ മലപ്പുറം ജില്ലയില്‍ പ്രത്യേക കിയോസ്‌കുകള്‍

മലപ്പുറം : കോവിഡ് 19 വൈറസ് ബാധ പ്രതിരോധിക്കാന്‍ 'ബ്രെയ്ക് ദ ചെയിന്‍' പരിപാടിയുടെ ഭാഗമായി മലപ്പുറം ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ പ്രത്യേക കിയോസ്‌കുകള്‍ സ്ഥാപിക്കുന്ന പദ്ധതി ആരംഭിച്ചു. സാമൂഹ്യ സുരക്ഷ മിഷന്‍, സാമൂഹ്യ നീതി, വനിത ശിശു വികസന ക്ഷേമ വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ആരംഭിച്ച പദ്ധതി ജില്ലാ കലക്ടറേറ്റ് പരിസരത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തു.
കൂടുതല്‍ പേര്‍ സമ്പര്‍ക്കം പുലര്‍ത്തുന്ന ബസ് സ്റ്റാന്റുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങിയ കേന്ദ്രങ്ങളിലാണ് പ്രത്യേക കിയോസ്‌കുകള്‍ ഒരുക്കുന്നത്. ഇവിടെയെത്തുന്നവര്‍ക്ക് സാനിറ്റൈസര്‍ ഉപയോഗിച്ചു കൈകള്‍ അണു വിമുക്തമാക്കാനുള്ള സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒപ്പം കോവിഡ് 19 പ്രതിരോധ ജാഗ്രതാ നിര്‍ദേശങ്ങളും കൈമാറുന്നുണ്ട്. ജയില്‍ വകുപ്പാണ് സാനിറ്റൈസറുകള്‍ ലഭ്യമാക്കുന്നത്. വീണ്ടും ഉപയോഗിക്കാവുന്ന കുപ്പികളാണ് കിയോസ്‌കുകളില്‍ സജ്ജീകരിച്ചിരിക്കുന്നത്. രാസ ലായനി തീരുന്നമുറയ്ക്ക് കുപ്പികള്‍ അണു വിമുക്തമാക്കി വീണ്ടും ഉപയോഗിക്കും.
ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം, എ.ഡി.എം എന്‍.എം മെഹറലി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി.എന്‍ പുരുഷോത്തമന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ. ഷിബുലാല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി. ബിന്‍സിലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.