വാഴൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് കെയർ ഉപകരണങ്ങൾ വിതരണം ചെയ്തു

post

കോട്ടയം ജില്ലയിലെ വാഴൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പാലിയേറ്റീവ് കെയർ ഉപകരണങ്ങൾ വിതരണം ചെയ്തു. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി, ഇടയിരിക്കപുഴ സി.എച്ച്.സി, കറുകച്ചാൽ സി.എച്ച്.സി എന്നിവടങ്ങളിലെ സെക്കൻഡറി പാലിയേറ്റീവ് കെയർ ഗുണഭോക്താക്കൾക്കാണ് ഉപകരണങ്ങൾ വിതരണം ചെയ്തത്. വീൽചെയർ, സൈഡ് ലിഫ്റ്റിംഗ് വീൽചെയർ, ഡയാലിസിസ് കിറ്റ്, ക്ളോസ്റ്റോമൈ ബാഗ്, തുടങ്ങിയ ഉപകരണങ്ങളാണ് വിതരണം ചെയ്തത്.

അഞ്ചു ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ പാലിയേറ്റീവ് കെയർ ഇൻ ചാർജ് കൂടിയായ ഇ.എൻ.ടി വിഭാഗത്തിലെ ഡോ. വൈ.എം നൗഷാദ്, കറുകച്ചാൽ സി.എച്ച്.സിയിലെ മെഡിക്കൽ ഓഫീസർ ഡോ.ബെറ്റി തോമസ് എന്നിവർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണിയിൽനിന്ന് ഉപകരണങ്ങൾ ഏറ്റുവാങ്ങി. ഇടയിരിക്കപ്പുഴ സി.എച്ച്.സിയിൽ നിന്നും പാലിയേറ്റീവ് കെയർ നേഴ്സ് മേരി തോമസും ഉപകരണങ്ങൾ ഏറ്റുവാങ്ങി.