ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാവർക്കും; സംസ്ഥാനത്തെ പാർശ്വവത്കൃത പഞ്ചായത്തുകളിൽ 'സേവാസ് പദ്ധതി'

post

* പദ്ധതി നടപ്പാക്കുക 14 ജില്ലകളിലെ 14 പാർശ്വവത്കൃത പഞ്ചായത്തുകളിൽ

* സംസ്ഥാന തല ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി കോഴിക്കോട് നിർവഹിച്ചു

സമഗ്ര ശിക്ഷാ കേരളം ആക്സസ് ഫോക്കസ്ഡ് ഇന്നവേറ്റീവ് പ്രോഗ്രാം എന്ന ഇന്റർവെൻഷനിൽ ഉൾപ്പെടുത്തി കേരള സർക്കാർ നടപ്പാക്കുന്ന സേവാസ് പദ്ധതി സംസ്ഥാനത്തെ 14 ജില്ലകളിലെ 14 പാർശ്വവത്കൃത പഞ്ചായത്തുകളിൽ നടപ്പാക്കും. പാർശ്വവത്കൃത മേഖലകളിലെ സമഗ്ര വികസനം മുന്നിൽ കണ്ട് എല്ലാ ഏകോപന സാധ്യതകളും പ്രയോജനപ്പെടുത്തി നിശ്ചിത പാർശ്വവൽകൃത മേഖല ദത്തെടുക്കുന്ന പ്രക്രിയയാണ് സേവാസ് പദ്ധതി വിഭാവനം ചെയ്യുന്നത്. സേവാസ് പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു.

ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. സേവാസ് പദ്ധതിയിലൂടെ പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് ആത്മവിശ്വാസം നൽകി അവരെ മുന്നോട്ട് നയിക്കാൻ സാധിക്കും. വിദ്യാഭ്യാസം, സംസ്കാരികാവബോധം, തൊഴിൽ നൈപുണി മേഖലകളിൽ മികവ് നേടാൻ അവരെ പ്രാപ്തരാക്കാനും കഴിയുമെന്ന് മന്ത്രി പറഞ്ഞു.

അഞ്ച് വർഷം കൊണ്ട് എല്ലാ മേഖലകളിലും ഉന്നതിയിലെത്തുന്ന ഒരു സമൂഹത്തെ രൂപപ്പെടുത്തിയെടുക്കുക, വിവിധതരം പരിമിതികൾ അനുഭവിക്കുന്ന കുട്ടികൾക്ക് സാമൂഹിക പങ്കാളിത്തത്തോടെ ആത്മവിശ്വാസവും, ജീവിത നൈപുണിയും നേടത്തക്ക വിധത്തിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുക തുടങ്ങിയവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ആദിവാസി-പട്ടിക വർഗ വിദ്യാർത്ഥികൾ ഉൾപ്പെടുന്ന പേരാമ്പ്ര ബി.ആർ.സി പരിധിയിലുള്ള മലയോര പ്രദേശമായ ചക്കിട്ടപാറ പഞ്ചായത്തിനെയാണ് കോഴിക്കോട് ജില്ലയിൽ പദ്ധതിക്കായി ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുത്തിട്ടുള്ളത്. ചടങ്ങിൽ ടി.പി രാമകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കുട്ടികൾക്കുള്ള സൈക്കിൾ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിച്ചു.