കുട്ടികള്‍ക്ക് പ്രിയമേറുന്ന ചിത്രക്കൂടാരം; മികവിന്റെ മാതൃകയായി പുത്തന്‍തോട് ഗവ. ഹയര്‍സെക്കന്ററി സ്കൂൾ

പ്രീപ്രൈമറി കുട്ടികള്‍ക്ക് പ്രിയമേറുന്ന ചിത്രക്കൂടാരമൊരുക്കി മികവിന്റെ മാതൃകയായി ചെല്ലാനം പുത്തന്‍തോട് ഗവ. ഹയര്‍സെക്കന്ററി സ്‌ക്കൂള്‍. ചിത്രക്കൂടാരത്തിനുള്ളില്‍ ഒരുക്കിയ ത്രിമാന ചിത്രങ്ങളും വ്യത്യസ്തമാര്‍ന്ന കളി ഉപകരണങ്ങളുമെല്ലാം കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും പുത്തന്‍ അനുഭവമായി മാറുകയാണ്.
അന്താരാഷ്ട്ര നിലവാരമുള്ള പഠനസൗകര്യം ഒരുക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന വര്‍ണ്ണക്കൂടാരം പദ്ധതിയുടെ ഭാഗമായി അനുവദിച്ച 10 ലക്ഷം രൂപ ഫണ്ട് വിനിയോഗിച്ചാണ് പുത്തന്‍തോട് ഗവ. ഹയര്‍സെക്കന്ററി സ്‌ക്കൂള്‍ ചിത്രക്കൂടാരം ഒരുക്കിയത്. രണ്ട് മാസം കൊണ്ട് നിര്‍മ്മിച്ച ഈ കൂടാരത്തില്‍ കുട്ടികള്‍ക്ക് ആസ്വദിച്ച് പഠിക്കാന്‍ സഹായിക്കുന്ന വരയിടം, ഭാഷായിടം, ഗണിതയിടം, ഇ-ഇടം തുടങ്ങിയ 13 ഇടങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.
പ്രീ പ്രൈമറിയില്‍ നൂറിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌ക്കൂളില്‍ നാല് ക്ലാസ്മുറികളാണ് ചിത്രക്കൂടാരത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ശിശുസൗഹൃദ ഫര്‍ണ്ണീച്ചറുകളും, പ്രത്യേക മാതൃകയില്‍ തയ്യാറാക്കിയ ഷെല്‍ഫുകളും, വേദികളും, സിലബസുമായി ബന്ധപ്പെട്ട ചുവരുകളിലെ വര്‍ണ്ണശഭളമാര്‍ന്ന ചിത്രങ്ങളുമെല്ലാം സാധാരണ ക്ലാസ്മുറികളില്‍ നിന്നും ചിത്രക്കൂടാരത്തെ വ്യത്യസ്തമാക്കുന്നു.
ഗുഹ മാതൃകയില്‍ തയ്യാറാക്കിയ സെന്‍സറിങ് ഏരിയയും ഏറുമാടവും കഴിവുകള്‍ അവതരിപ്പിക്കാനുള്ള കളിയരങ്ങും കുട്ടികളുടെ വിവിധ വികാസ മേഖലകളെ പരിപോഷിപ്പിക്കാന്‍ സഹായിക്കുന്നതാണ്. കളി ഉപകരണങ്ങളാല്‍ നിറഞ്ഞ സ്‌ക്കൂള്‍ നടുമുറ്റം വിനോദപാര്‍ക്കിനെ വിസ്മരിപ്പിക്കുന്ന തരത്തിലാണ് പണിതുയര്‍ത്തിയിട്ടുള്ളത്.
കളികളിലൂടെ കുട്ടികളുടെ കഴിവുകള്‍ മെച്ചപ്പെടുത്തുകയും ശിശുവികാസ മേഖലകളിലെ ശേഷികള്‍ ഉറപ്പാക്കുകയും ചെയ്യുന്ന ശാസ്ത്രീയ പ്രീ -സ്‌കൂള്‍ വിദ്യാഭ്യാസ രീതിയാണ് വര്‍ണ്ണ കൂടാരം പദ്ധതിയിലൂടെ കേരളത്തില്‍ നിലവില്‍ നടപ്പിലാക്കി വരുന്നത്. തെരഞ്ഞടുക്കപ്പെടുന്ന സ്‌ക്കൂളുകളിലെ അധ്യാകര്‍ക്കും പി.ടി.എ അംഗങ്ങള്‍ക്കും പ്രത്യേക പരിശീലനം നല്‍കിയ ശേഷം തയ്യാറാക്കുന്ന പ്രോജക്ട് പ്രകാരമാണ് പൊതു വിദ്യാലയങ്ങളില്‍ വര്‍ണ്ണ കൂടാരങ്ങള്‍ ഒരുക്കുന്നത്.