വേനല്‍ക്കാലം: ജാഗ്രത വേണം

post

കൊല്ലം: അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില്‍ പൊതുജനം അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. വി. ഷെര്‍ളി.ചൂട് കൂടുതലുള്ളപ്പോള്‍ (രാവിലെ 10 മുതല്‍ ഉച്ചകഴഞ്ഞ് മൂന്നുവരെ)പണിയെടുക്കുന്നവരും യാത്ര ചെയ്യുന്നവരും ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കണം. ചൂടിനെ പ്രതിരോധിക്കുന്നതിനുള്ള ലോഷന്‍ ഉപയോഗിക്കുക. കൂടുതല്‍ സമയം വെയിലത്ത് നില്‍ക്കുമ്പോള്‍ നിര്‍ജ്ജലീകരണം ഉണ്ടാകാതിരിക്കാന്‍ ധാരാളം വെള്ളം കുടിക്കണം. തലവേദന, ക്ഷീണം,ബോധക്ഷയം, മാംസ പേശികളില്‍ പിടുത്തം എന്നിവ അനുഭവപ്പെടാം. അമിത ചൂട് പക്ഷാഘാതത്തിന് ഇടയാക്കിയേക്കാം. ശരീരോഷ്മാവ് കൂടുന്നതായി തോന്നിയാല്‍ തണലത്തേക്ക് മാറണം. തണുത്ത വെള്ളത്തില്‍ ശരീരം തുടയ്ക്കണം. ജലക്ഷാമം നിലനില്‍ക്കെ ജലജന്യ രോഗങ്ങള്‍ക്കും സാധ്യതയുണ്ട്.

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണം. സുരക്ഷിതമല്ലാത്ത ജലം, ഭക്ഷണം എന്നിവ വഴി വയറിളക്കം, കോളറ, മഞ്ഞപ്പിത്തം, ടൈഫോയിഡ് എന്നിവയ്ക്കും സാധ്യത ഉണ്ട്.വായൂ ജന്യ രോഗമായ ചിക്കന്‍പോക്‌സും പടരാന്‍ സാഹചര്യമുണ്ട്. സ്വയം ചികിത്സ ഒഴിവാക്കി അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടണം. മലിന ജലത്തില്‍ നിന്ന് ജോലി ചെയ്യുന്നവര്‍ ഡോക്‌സിസൈക്ലിന്‍ പ്രതിരോധ ഗുളിക കഴിക്കണം. വെള്ളം ശേഖരിച്ച് വച്ച് ഉപയോഗിക്കുന്നവര്‍ അടച്ച് വയ്ക്കാന്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കൊതുകിന്റെ ഉറവിടമാകാന്‍ ഇടയാക്കും.