അങ്കണവാടി പ്രവേശനോത്സവം: കാസർഗോഡ് പുതിയതായി എത്തിയത് 6445 കുട്ടികൾ

post

അങ്കണവാടികളില്‍ ചിരിക്കിലുക്കവുമായി കുരുന്നുകള്‍ എത്തി. കാസർഗോഡ് ജില്ലയിലെ 1348 അങ്കണവാടിയിലായി 6445 കുട്ടികളാണ് ഇത്തവണ പുതിയതായി എത്തിയത്. കുട്ടികളെ അങ്കണവാടി പ്രവര്‍ത്തകര്‍, കുട്ടികള്‍, രക്ഷിതാക്കള്‍, ജനപ്രതിനിധികള്‍, ഐ.സി.ഡി.എസ് ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍ എന്നിവര്‍ ഘോഷയാത്രയോട് കൂടി സ്വീകരിച്ചു.

അങ്കണവാടിയില്‍ ഇന്നന്റെ ആദ്യ ദിനം എന്ന് എഴുതിയ പ്ലക്കാര്‍ഡുകള്‍ പിടിച്ച് കുരുന്നുകളെത്തിയപ്പോള്‍ മധുരപലഹാരങ്ങളുമായി വരവേല്‍ക്കാന്‍ അങ്കണവടി വര്‍ക്കര്‍മാരും ഹെല്‍പ്പര്‍മാരുമുണ്ടായിരുന്നു. പുത്തനുടുപ്പും ബാഗും കുടകളുമായി രക്ഷിതാക്കളുടെ കൂടെ എത്തിയ പൊന്നോമനകളെ ആകര്‍ഷിക്കാന്‍ പല നിറങ്ങളിലുള്ള ബലൂണുകളും തോരണങ്ങളും കെട്ടി അങ്കണവാടികള്‍ അലങ്കരിച്ചിരുന്നു. ജില്ലയില്‍ എല്ലാ ഐ.സി.ഡി.എസിനു കീഴിലും വര്‍ണാഭമായി പ്രവേശനോത്സവം നടത്തി. പഞ്ചായത്തുകളില്‍ പഞ്ചായത്തു തല പ്രവേശനോത്സവം നടത്തി. കളിയും പാട്ടും കഥപറച്ചിലുമായി 'ചിരിക്കിലുക്കം' എന്ന പേരില്‍ ഉത്സവഛായയോടെയാണ് ഓരോ അങ്കണവാടികളിലും ഇത്തവണ പ്രവേശനോത്സവം നടത്തിയത്.

പ്രവേശനോത്സവത്തിന്റെ ഭാഗമായി വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രൊഫൈല്‍ ചിത്ര പ്രചാരണം നടത്തി. പുതിയതായി എത്തിയ കുട്ടികള്‍ക്കായി കളര്‍ പുസ്തകങ്ങള്‍, ബോക്‌സ്, ക്രയോണ്‍സ് എന്നിവയും പലരും സ്‌പോണ്‍സര്‍ ചെയ്തിരുന്നു. ജില്ലയില്‍ 6000 ത്തോളം കുട്ടികള്‍ ഇത്തവണ അങ്കണവാടിയില്‍ നിന്നും പടിയിറങ്ങി. ഇവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും പ്രവേശനോത്സവത്തില്‍ നടത്തി.