കോവിഡ് 19 പ്രതിരോധം: പട്ടികജാതി/ പട്ടികവര്‍ഗ വകുപ്പുകള്‍ നടപടി ആരംഭിച്ചു

post

തിരുവനന്തപുരം: പട്ടികജാതി, പട്ടികവര്‍ഗ മേഖലകളില്‍ കോവിഡ് 19 പ്രതിരോധത്തിനും അടിയന്തര സഹായത്തിനും സര്‍ക്കാര്‍ നടപടി ആരംഭിച്ചു. പട്ടികജാതി സങ്കേതങ്ങളിലും പട്ടികവര്‍ഗ ഊരുകളിലും പനി, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടെത്തുന്നതിനും അവരെ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തില്‍ കൊണ്ടുവരുന്നതിനും രണ്ട് വകുപ്പുകളിലെയും പ്രമോട്ടര്‍മാരെ ചുമതലപ്പെടുത്തി. മാര്‍ച്ച് 31ന് സേവന കാലാവധി അവസാനിക്കുന്ന പ്രമോട്ടര്‍മാര്‍ക്ക് നിലവിലെ സാഹചര്യം കണക്കിലെടുത്ത് മേയ് 31വരെ സേവന കാലാവധി നീട്ടി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ പട്ടികജാതി സങ്കേതങ്ങളിലും പട്ടികവര്‍ഗ ഊരുകളിലും കോവിഡ് പ്രതിരോധ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. സങ്കേതങ്ങളും ഊരുകളും സന്ദര്‍ശിച്ച് പ്രമോട്ടര്‍മാര്‍ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഉണ്ടോയെന്ന് കണ്ടെത്തും. യാത്രാ വിവരങ്ങള്‍ ശേഖരിക്കുകയും അത് ബന്ധപ്പെട്ട ആരോഗ്യ വകുപ്പ് അധികൃതരെ അറിയിക്കുകയും ചെയ്യും. പ്രമോട്ടര്‍മാരുടെ പ്രവര്‍ത്തനങ്ങളും മറ്റ് പ്രതിരോധ, പ്രചരണ പ്രവര്‍ത്തനങ്ങളും ജില്ലാ തലത്തില്‍ ഏകോപിപ്പിക്കുന്നതിനും പുരോഗതി വിലയിരുത്തുന്നതിനും റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിനും ജില്ലാ പട്ടികജാതി വികസന ഓഫീസര്‍മാരെയും പ്രൊജക്ട് ഓഫീസര്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. 

ഐസൊലേഷനിലോ നിരീക്ഷണത്തിലോ കഴിയുന്ന പട്ടികവിഭാഗം കുടുംബങ്ങള്‍ക്ക് അതിജീവനത്തിന് സഹായം ആവശ്യമുണ്ടെങ്കില്‍ ജില്ലാ ഭരണകൂടത്തിന്റെയോ തദ്ദേശസ്ഥാപനങ്ങളുടെയോ സഹകരണത്തോടെ ക്രമീകരണം ഏര്‍പ്പെടുത്തും. പട്ടികവര്‍ഗ ഊരുകളിലെ 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് പ്രത്യേക പോഷകാഹാര കിറ്റ് നല്‍കും. 500 ഗ്രാം ചെറുപയര്‍, 500 ഗ്രാം വന്‍പയര്‍, 500 ഗ്രാം കടല, 500 ഗ്രാം ശര്‍ക്കര, 500 ഗ്രാം വെളിച്ചെണ്ണ, രണ്ട് കിലോ നുറുക്ക് ഗോതമ്പ് എന്നിവയാകും ഒരു കിറ്റില്‍ ഉണ്ടാവുക. ഇതിന് പുറമെ പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പാക്കുന്ന ഫുഡ് സപ്പോര്‍ട്ട് പ്രോഗ്രാം പ്രകാരം ആവശ്യമുള്ള എല്ലാ ഊരുകളിലും ഭക്ഷണ സാധനങ്ങള്‍ നല്‍കും. ഏതെങ്കിലും തൊഴില്‍ ചെയ്തിരുന്നവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടെങ്കില്‍ അവരെ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തി തൊഴില്‍ ലഭ്യത ഉറപ്പുവരുത്തും.

രണ്ട് വകുപ്പിന്റെയും കീഴിലുള്ള ഹോസ്റ്റലുകളുടെയും മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളുടെയും പ്രവര്‍ത്തനം നിലവില്‍ നിര്‍ത്തിവച്ചു. ഈ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കായി കരുതിയിരുന്ന ഭക്ഷ്യധാന്യങ്ങള്‍ അവര്‍ക്ക് വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. ഊരുകളില്‍ ഞായര്‍ വൈകിട്ട് അഞ്ചിന് അവരവരുടെ വീടുകളില്‍ പാരമ്പര്യ വാദ്യോപകരണങ്ങള്‍ വായിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകരെ അനുമോദിക്കും. ഇരു വകുപ്പിന്റെയും എല്ലാ ഓഫീസുകളിലും പ്രമോട്ടര്‍മാര്‍ മുഖേന സങ്കേതങ്ങളിലും, ഊരുകളിലും ബ്രേക്ക് ദി ചെയിന്‍ നടപ്പാക്കും.