കോവിഡ് 19: തോട്ടം മേഖലയില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍

post

തിരുവനന്തപുരം: കോവിഡ് 19മായി ബന്ധപ്പെട്ട് തോട്ടം മേഖലയില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തൊഴില്‍വകുപ്പ് പുറത്തിറക്കി. മസ്റ്ററിംഗ്, ശമ്പള വിതരണം, തേയിലയുടെ തൂക്കം നിര്‍ണ്ണയിക്കല്‍ എന്നിവ നടക്കുമ്പോള്‍ തോട്ടം തൊഴിലാളികള്‍ സംഘം ചേര്‍ന്ന് നില്‍ക്കുന്നത് ഒഴിവാക്കണം. വേണ്ട ക്രമീകരണങ്ങള്‍ മാനേജ്‌മെന്റ് ഒരുക്കണം. ഇവിടങ്ങളില്‍ സാനിറ്റൈസറിന്റെ ലഭ്യത ഉറപ്പാക്കണം. തോട്ടങ്ങളിലെ കാന്റീനുകള്‍, ക്രഷുകള്‍ എന്നിവിടങ്ങളില്‍ സോപ്പ്, വെള്ളം, സാനിറ്റൈസര്‍ എന്നിവയുടെ മതിയായ അളവിലുള്ള ലഭ്യത മാനേജ്‌മെന്റ് ഉറപ്പുവരുത്തണം. ലയങ്ങള്‍ വൃത്തിയായി സൂക്ഷിക്കുകയും, വായുസഞ്ചാരം ഉറപ്പുവരുത്തുകയും ചെയ്യണം. ലയങ്ങളില്‍ തൊഴിലാളികളോ, കുടുംബങ്ങളോ കൂട്ടം കൂടി നില്‍ക്കുന്നത് ഒഴിവാക്കണം.

വിദേശികള്‍, സന്ദര്‍ശകര്‍ എന്നിവര്‍ തോട്ടങ്ങളില്‍ വരുന്നത് തീര്‍ത്തും നിരുത്സാഹപ്പെടുത്താന്‍ മാനേജ്‌മെന്റ് ശ്രദ്ധിക്കേണ്ടതും തോട്ടം തൊഴിലാളികള്‍ ഇവരുമായി അടുത്തിടപെഴകുന്നതിനുള്ള സാഹചര്യം കര്‍ശനമായും ഒഴിവാക്കുകയും ചെയ്യണം. തൊഴിലാളികളുടെ യോഗങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ നിന്നും ഒരു നിശ്ചിത കാലയളവിലേക്ക് തൊഴിലാളി യൂണിയനുകള്‍ പിന്മാറണം. തോട്ടങ്ങളിലെ ഡിസ്‌പെന്‍സറികളുടെ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ തൊഴിലാളികളുടെ മാതൃഭാഷയില്‍ എഴുതി തയ്യാറാക്കി തോട്ടങ്ങളില്‍ പ്രദര്‍ശിപ്പിക്കണം. ഉച്ചഭാഷിണിയില്‍ പ്രചാരണം നടത്തണം. വ്യക്തി ശുചിത്വം പാലിക്കേണ്ടതിനെക്കുറിച്ചും, കോവിഡ് 19നെക്കുറിച്ചും അവബോധം തോട്ടം തൊഴിലാളികള്‍ക്കിടയില്‍ ഉണ്ടാക്കുവാന്‍ മാനേജ്‌മെന്റ് ശ്രമിക്കണം. 

തൊഴിലാളികള്‍ ഭക്ഷണം കഴിക്കുന്നതിന് മുന്‍പും മറ്റുള്ളവര്‍ ഉപയോഗിക്കുന്ന സാധനങ്ങളും, സ്ഥലങ്ങളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതിന് മുന്‍പും സോപ്പ് ഉപയോഗിച്ച് കൈകളും, നഖങ്ങളും ശുചിയാക്കേണ്ടതും കൃത്യമായ ഇടവേളകളില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കേണ്ടതുമാണ്. ഈ കാര്യം മാനേജ്‌മെന്റ് ഉറപ്പുവരുത്തണം. ആരോഗ്യ വകുപ്പ് കോവിഡ് 19മായി ബന്ധപ്പെട്ട് നല്‍കിയ നിര്‍ദ്ദേശങ്ങളെല്ലാം പാലിക്കപ്പെടുന്നുണ്ടെന്ന് മാനേജ്‌മെന്റ് ഉറപ്പുവരുത്തണം. അനാവശ്യമായ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം. പനി, ചുമ, തുമ്മല്‍ ഉള്ളവരുമായി മൂന്നടി അകലം തോട്ടം തൊഴിലാളികള്‍ പാലിക്കണം. മാനേജ്‌മെന്റ് ഇവര്‍ക്ക് സൗജന്യമായി മാസ്‌ക് നല്‍കണം. രോഗലക്ഷണമുള്ളവര്‍ അവരവരുടെ വാസസ്ഥലങ്ങളില്‍ തന്നെ കഴിയുകയും ഉടന്‍ വൈദ്യസഹായം തേടുകയും വേണം. പനി ബാധിതരായ തൊഴിലാളികളുടെയും, കുടുംബാംഗങ്ങളുടെയും വിശദവിവരങ്ങള്‍ ബന്ധപ്പെട്ട പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടറുടെ കാര്യാലയത്തിലും ആരോഗ്യവകുപ്പിലും അറിയിക്കണം.