കേരളത്തിന്റെ ആവശ്യങ്ങള്‍ വ്യക്തമാക്കി പ്രധാനമന്ത്രിക്ക് കത്തയയ്ക്കുമെന്ന് മുഖ്യമന്ത്രി

post

പ്രധാനമന്ത്രിയുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി

തിരുവനന്തപുരം: കോവിഡ് 19ന്റെ സാഹചര്യത്തില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ വ്യക്തമാക്കി പ്രധാനമന്ത്രിക്ക് കത്തയയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്ര ധനകാര്യ മന്ത്രിക്ക് മുന്നിലും കാര്യങ്ങള്‍ അവതരിപ്പിക്കും. സംസ്ഥാന ധനമന്ത്രി കേന്ദ്ര ധനമന്ത്രിയെ ബന്ധപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വെള്ളിയാഴ്ച വൈകിട്ട് പ്രധാനമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി പങ്കെടുത്തു. കോവിഡ് 19നെ നേരിടുന്നതിന് സംസ്ഥാനം സ്വീകരിച്ച നടപടികള്‍ മുഖ്യമന്ത്രി വിശദീകരിച്ചു. മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ ദിനങ്ങള്‍ 100ല്‍ നിന്ന് 150 ആക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. വേതനം കുറഞ്ഞത് 50 രൂപയെങ്കിലും വര്‍ദ്ധിപ്പിക്കണം. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത റവന്യു കമ്മി ഗ്രാന്റില്‍ 40 ശതമാനമെങ്കിലും ഏപ്രില്‍, മേയ് മാസങ്ങളില്‍ നല്‍കണം. സംസ്ഥാനത്തിന്റെ വായ്പാ പരിധി നാല് ശതമാനമായി ഉയര്‍ത്തണം. വയോജനങ്ങള്‍, ദരിദ്രര്‍, അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ എന്നിവരുടെ വരുമാന വര്‍ദ്ധനയ്ക്ക് പദ്ധതി നടപ്പാക്കണം. സബ്‌സിഡി നിരക്കില്‍ ആവശ്യമുള്ള ഭക്ഷ്യധാന്യം ഉറപ്പാക്കണം. അന്തര്‍ സംസ്ഥാന അതിര്‍ത്തികളിലൂടെ ഭക്ഷ്യ വസ്തുക്കള്‍, മരുന്ന് ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുടെ സ്വതന്ത്രനീക്കം ഉറപ്പുവരുത്തണം.

സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് കൂടുതല്‍ കോവിഡ് 19 രോഗ നിര്‍ണയ ലാബുകള്‍ അനുവദിക്കണം. ടൂറിസം, ഹോട്ടല്‍, കയറ്റുമതി മേഖലയ്ക്കായി സ്‌പെഷ്യല്‍ പാക്കേജ് അനുവദിക്കണം. ഈ മേഖലകള്‍ക്ക് മോറട്ടോറിയം കാലയളവില്‍ വായ്പകള്‍ക്ക് പലിശ ഒഴിവാക്കി നല്‍കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ചെറുകിട സൂക്ഷ്മ വായ്പകള്‍ കുറഞ്ഞ പലിശയ്ക്ക് നല്‍കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണം. ഭവന നിരീക്ഷണത്തിലുള്ളവര്‍ക്ക് ദേശീയ ദുരന്ത നിവാരണ ഫണ്ടിന്റെ ആനുകൂല്യം ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

മരുന്ന് മൊത്തവ്യാപാരികളുമായും കച്ചവടക്കാരുമായും സംസ്ഥാനങ്ങള്‍ ചര്‍ച്ച നടത്തണമെന്ന് പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സില്‍ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി അറിയിച്ചു. അത് നല്ല നിര്‍ദ്ദേശമാണെന്നും കേരളം ഉടന്‍ അവരുമായി ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.