ലൈഫ് മിഷനെ കേരളം ഏറ്റെടുത്തു: മുഖ്യമന്ത്രി പിണറായി വിജയന്‍

post

കേരളം ഒറ്റക്കെട്ടായി ലൈഫ് മിഷനെ ഏറ്റെടുത്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷനിലൂടെ നിര്‍മ്മാണം പൂര്‍ത്തിയായ 20314 വീടുകളുടെ താക്കോല്‍ദാനവും പുതിയ 41439 ഗുണഭോക്താക്കളുമായി കരാറിലേര്‍പ്പെട്ടതിന്റെ പ്രഖ്യാപനവും കൊല്ലം കൊറ്റങ്കര മേക്കോണില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യത്വത്തിന്റെ പ്രധാന ഭാഗം മറ്റൊരാള്‍ക്ക് സഹായം നല്‍കാന്‍ കഴിയുമ്പോള്‍ സന്തോഷിക്കാന്‍ കഴിയുക എന്നതാണ്. കേരളത്തിലെ ജനങ്ങള്‍ക്ക് ലൈഫ് പദ്ധതിയിലൂടെ അതിന് കഴിഞ്ഞു. എല്ലാ തദ്ദേശ സ്ഥാപങ്ങളും നാട്ടുകാരും ഏക മനസോടെ പദ്ധതിയെ പിന്തുണച്ചെന്നും എതിര്‍പ്പുകളെ സമൂഹം തള്ളി കളഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.

വീട് എന്നത് മനുഷ്യരുടെ വലിയ സ്വപ്നമാണ്. 14 ലക്ഷം മനുഷ്യര്‍ക്ക് ആ സ്വപ്നം നേടാന്‍ ലൈഫ് പദ്ധതിയിലൂടെ കഴിഞ്ഞു. ലൈഫിന് വേണ്ടി വിവിധ പദ്ധതികള്‍ യോജിപ്പിച്ച് സമഗ്ര പദ്ധതിയാണ് നടപ്പിലാക്കിയത്. സാമ്പത്തിക പ്രതിസന്ധി പദ്ധതിയുടെ വിജയത്തിന് തടസമായില്ല. മനസോട് ഇത്തിരി മണ്ണ് പദ്ധതി വഴി ലൈഫ് മിഷന് 23.5 ഏക്കര്‍ സ്ഥലം ലഭിച്ചു. ഇതില്‍ 12.5 ഏക്കര്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറി. കൊല്ലം ജില്ലയില്‍ 262 സെന്റ് ഭൂമി ലഭിച്ചു. തീരദേശ ഭവന പദ്ധതിയായ പുനര്‍ഗേഹം പദ്ധതി വഴി 9000 വീടുകള്‍ക്കുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ നല്‍കിയ മുഴുവന്‍ വാഗ്ദാനങ്ങളും പാലിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് അധ്യക്ഷനായി. രാജ്യത്ത് സമാനതകള്‍ ഇല്ലാത്ത പദ്ധതിയാണ് ലൈഫ് എന്ന് അദ്ദേഹം പറഞ്ഞു. 4 ലക്ഷത്തിലധികം വീടുകള്‍ക്കായി 16000 കോടിയിലധികം രൂപ ചിലവഴിച്ചു. ഇതില്‍ 14620 കൊടി രൂപയും സംസ്ഥാനത്തിന്റെതാണ്. 91.5 % തുക വരുമിത്. 8.5% മാത്രം തുകയാണ് കേന്ദ്രത്തിന്റേത്. വീടിന് വേണ്ടി ഏറ്റവും കൂടുതല്‍ തുക കൊടുക്കുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി എം.ബി രാജേഷ് പറഞ്ഞു.

മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, കെ കൃഷ്ണന്‍കുട്ടി, ജെ ചിഞ്ചുറാണി എന്നിവര്‍ മുഖ്യാതിഥികളായി. ഓരോരുത്തരുടെയും ഉള്ളറിയുന്ന സര്‍ക്കാരാണ് ഇതെന്നും വലിയ സ്വപ്‌ന സാക്ഷാത്കരമാണ് ലൈഫ് പദ്ധതിയിലൂടെ നടപ്പാകുന്നതെന്നും വൈദ്യുതിമന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. കേരളത്തെ ഭവന രഹിതര്‍ ഇല്ലാത്ത സംസ്ഥാനമാക്കി മാറ്റുമെന്നും ലൈഫ് മിഷന്‍ ലോകം അംഗീകരിക്കുന്ന നേട്ടമാണെന്നും ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. സമഗ്ര മേഖലയിലും വികസനമെത്തിക്കുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്ന് മൃഗസംരക്ഷണവകപ്പ് മന്ത്രി ജെ ചിഞ്ചുറാണി അഭിപ്രായപ്പെട്ടു.

എന്‍ കെ പ്രേമചന്ദ്രന്‍ എംപി, നവകേരളം കര്‍മ്മ പദ്ധതി കോര്‍ഡിനേറ്റര്‍ ഡോ ടി എന്‍ സീമ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ പി കെ ഗോപന്‍, ലൈഫ് മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ പി ബി നൂഹ്, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ഷര്‍മിള മേരി ജോസഫ്, തദ്ദേശസ്വയംഭരണ വകുപ്പ് ഡയറക്ടര്‍ എച്ച് ദിനേശന്‍, ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍, സബ് കളക്ടര്‍ മുകുന്ദ്ഠാക്കൂര്‍. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡി സാജു, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

ലൈഫ് ഭവന പദ്ധതിയിലൂടെ സംസ്ഥാനത്ത് 3,42,156 വീടുകളാണ് ഇതുവരെ പൂര്‍ത്തിയാക്കിയത്. 2022 ഏപ്രില്‍ മുതല്‍ മാര്‍ച്ച് 31 വരെ 54,648 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇതിനു പുറമേ 67,000 ലധികം വീടുകള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.