വേങ്കവിളയെ ഫിറ്റ് ആക്കാന്‍ ഓപ്പണ്‍ ജിം

പ്രഭാതനടത്തം മാത്രമായി ഒതുങ്ങുന്ന നാട്ടിന്‍പുറങ്ങളിലെ ആരോഗ്യപരിപാലനത്തിന് പുതിയ ശീലങ്ങളെ പരിചയപ്പെടുത്തുകയാണ് തിരുവനന്തപുരത്തെ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്. നഗരപ്രദേശങ്ങളില്‍ വ്യാപകമാകുന്ന ഫിറ്റ്‌നെസ് സെന്റര്‍ ആശയത്തെ ഗ്രാമീണമേഖലയിലെ സാധാരണക്കാര്‍ക്കുകൂടി പ്രാപ്യമാക്കുകയാണ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വേങ്കവിള ഡിവിഷന്‍. ജീവിതശൈലി രോഗങ്ങള്‍ വര്‍ധിക്കുന്ന ഇക്കാലത്ത് ആരോഗ്യപരിപാലനത്തിനായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍, പഞ്ചായത്ത് തലങ്ങളില്‍ നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ആരോഗ്യപൂര്‍ണമായ സമൂഹത്തെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ, ആരോഗ്യപരിപാലനം പ്രദേശത്തെ എല്ലാവര്‍ക്കും സാധ്യമാക്കുന്ന ഓപ്പണ്‍ ജിം വേങ്കവിളയില്‍ തുറക്കാനെരുങ്ങുകയാണ്.
2022-2023 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്നുമാസം മുന്‍പാണ് ഓപ്പണ്‍ ജിമ്മിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 14 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച ഓപ്പണ്‍ ജിം ഇപ്പോള്‍ പൊതുജനങ്ങള്‍ക്കായി സജ്ജമായിരിക്കുകയാണ്. 15 മുതല്‍ 60 വയസുവരെയുള്ളവര്‍ക്ക് ഇവിടെ പ്രവേശനമുണ്ട്. സ്ത്രീ പുരുഷ ഭേദമന്യേ ആര്‍ക്കും ജിം ഉപയോഗിക്കാം. രജിസ്‌ട്രേഷനായി നല്‍കേണ്ടുന്ന തുച്ഛമായ തുകയല്ലാതെ മറ്റൊരുതരത്തിലുള്ള ഫീസും ബ്ലോക്ക് പഞ്ചായത്ത് ഈടാക്കുന്നില്ല.
വ്യായാമങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ക്കൊപ്പം പ്രഭാതനടത്തത്തിനായുള്ള സൗകര്യവും ഓപ്പണ്‍ ജിമ്മില്‍ ഒരുക്കിയിട്ടുണ്ട്. ഓപ്പണ്‍ ജിം തുറക്കുന്നതിനു മുന്നോടിയായി പ്രദേശവാസികള്‍ക്കായി ഇതിന്റെ ഉപയോഗം സംബന്ധിച്ച ബോധവത്കരണവും ബ്ലോക്ക് പഞ്ചായത്ത് നടത്തിവരുന്നു. മെയ് രണ്ടാംവാരത്തോടെ ജിം പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കും. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെയും ആനാട് ഗ്രാമപഞ്ചായത്തിന്റെയും മികച്ച പിന്തുണയാണ് വേങ്കവിള ഡിവിഷനില്‍ ഓപ്പണ്‍ ജിം യാഥാര്‍ത്ഥ്യമാക്കുന്നതിനായി ലഭിച്ചത്.