കൊല്ലത്തിന്റെ സാംസ്‌കാരിക തലസ്ഥാനമാകാന്‍ ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയം

കൊല്ലം ജില്ലയിലെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറാന്‍ ഒരുങ്ങുകയാണ് ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയം. കൊല്ലത്തിന്റെ സാംസ്‌കാരിക ആവശ്യങ്ങള്‍ക്കുള്ള ഉത്തരമെന്നോണമാണ് ശ്രീ നാരായണ ഗുരു സാംസ്‌കാരിക സമുച്ചയം നാടിന് സമര്‍പ്പിക്കപ്പെടുന്നത്. അത്യാധുനിക സാങ്കേതിക വിദ്യകളാല്‍ സജ്ജീകരിക്കപ്പെട്ടിരിക്കുന്നതാണ് സമുച്ചയം.
ഏകദേശം ഒരു ലക്ഷത്തോളം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ നിലനില്‍ക്കുന്ന സമുച്ചയത്തിൽ എന്‍ട്രന്‍സ്, എക്‌സിബിഷന്‍, കഫറ്റീരിയ, പെര്‍ഫോര്‍മന്‍സ് എന്നിങ്ങനെ 4 ബ്ലോക്കുകളും 600 പേര്‍ക്കോളം ഇരിക്കാന്‍ പറ്റുന്ന ഒരു ഓപ്പണ്‍ എയര്‍ തീയേറ്ററും നിലവിലുണ്ട്. സമുച്ചയത്തിന്റെ ഭരണപരമായ സൗകര്യങ്ങള്‍ അടങ്ങിയ 40,000 ചതുര്രശ അടി ആകെ വിസ്തീര്‍ണ്ണമുള്ള എന്‍ട്രന്‍സ് ബ്ലോക്കില്‍ കോണ്‍ഫറന്‍സ് ഹാളോടുകൂടിയ ഓഫീസ് മുറികള്‍, കരകൗശല വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി ക്രാഫ്റ്റ് മ്യൂസിയം, നൂറു പേര്‍ക്കോളം പങ്കെടുക്കാന്‍ സാധിക്കുന്ന യോഗങ്ങള്‍ നടത്തുന്നതിനായി മെമ്മോറിയല്‍ ഹാള്‍, അക്കാദമിക്ക് ഗവേഷണ ആവശ്യങ്ങള്‍ക്ക് ഉപയോഗ്രപദമാകുന്ന തരത്തില്‍ 5,600 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ പരമ്പരാഗത, ഡിജിറ്റല്‍ ലൈബ്രറി എന്നിവ ഒരുക്കിയിട്ടുണ്ട്. പ്രകൃതിയോട് ഒത്തിണങ്ങി നില്‍ക്കുന്ന തരത്തില്‍ സജ്ജീകരിച്ചിട്ടുളള തുറസ്സായ കഫറ്റീരിയ, പുസ്തകങ്ങളും മറ്റു ഉത്പന്നങ്ങളും വാങ്ങുന്നതിനായി കടമുറികള്‍, ലോക പ്രശസ്ത കലാകാരന്‍മാരുടെ അപൂര്‍വ്വവും വിജ്ഞാനപ്രദവുമായ പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി 5000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ആര്‍ട്ട് ഗാലറി എന്നിവ കഫറ്റീരിയ ബ്ലോക്കിന്റെ സവിശേഷതയാണ്.
കലാപഠനത്തെ പരിപോഷിപ്പിക്കുന്നതിന് മുന്‍തൂക്കം നല്‍കിക്കൊണ്ട് സജ്ജീകരിച്ച എക്‌സിബിഷന്‍ ബ്ലോക്കില്‍ എക്‌സിബിഷന്‍ സ്‌പേസുകള്‍, ക്ലാസ് മുറികള്‍, വര്‍ക്ക്‌ഷോപ്പുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. മനോഹരമായ ഈ ബ്ലോക്കിന്റെ ഇടനാഴികളിലൂടെ സമുച്ചയത്തിന്റെ ദൃശ്യ ഭംഗിയും ഓപ്പണ്‍ എയര്‍ തീയ്യേറ്ററില്‍ നടക്കുന്ന പരിപാടികളും ആസ്വദിക്കാന്‍ സാധിക്കുന്നതാണ്.
സമുച്ചയത്തിന്റെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ഓപ്പണ്‍ എയര്‍ തീയേറ്ററില്‍ ഏകദേശം 600ല്‍ പരം ആളുകള്‍ക്ക് ഒരേ സമയം പരിപാടികള്‍ ആസ്വദിക്കാന്‍ സാധിക്കും. ഗ്രീന്‍ റൂമോട് കൂടിയ ഈ ഓഡിറ്റോറിയത്തില്‍ വിശാലമായ കാഴ്ച സൗകര്യമുള്ള സ്റ്റേജും സ്ഥിതി ചെയ്യുന്നു. സമുച്ചയത്തിന്റെ ജീവസത്ത സ്ഥിതി ചെയ്യുന്നത് പെര്‍ഫോമന്‍സ് ബ്ലോക്കിലാണ്. അന്താരാഷ്ട്ര തലത്തിലുള്ള കോണ്‍ഫറന്‍സുകളും മീറ്റിംഗുകളും നടത്താവുന്ന തരത്തില്‍ അത്യാധുനിക പ്രൊജക്ഷന്‍ സംവിധാനവും മികച്ച സൗണ്ട് സിസ്റ്റവുമുള്ള 108 ഇരിപ്പിടങ്ങളോട് കൂടിയ പൂര്‍ണ്ണമായും ശീതീകരിച്ച സെമിനാര്‍ ഹാള്‍ പെര്‍ഫോമന്‍സ് ബ്ലോക്കിലാണ് സ്ഥിതി ചെയ്യുന്നത്. തെരുവ് നാടക പ്രകടനങ്ങള്‍, റിഹേഴ്‌സലുകള്‍, മൈമുകള്‍ എന്നിവയ്ക്ക് ഉപയോഗപ്പെടുത്താവുന്ന രീതിയില്‍ പൂര്‍ണ്ണമായും ശീതീകരിച്ച അത്യാധുനിക ലൈറ്റിംഗ് ശബ്ദ ക്രമീകരണങ്ങളോട് കൂടിയ ബ്ലാക്ക് ബോക്‌സ് തീയേറ്റര്‍ ഈ ബ്ലോക്കിന്റെ ഭാഗമാണ്. സിനിമ ഷോര്‍ട്ട് ഫിലിംസ്, ഡോക്യുമെന്ററി പ്രദര്‍ശനങ്ങള്‍ക്കായി 203 ഇരിപ്പിടങ്ങളോട് കൂടിയ എ.വി തീയേറ്റര്‍ സംവിധാനവും ഈ ബ്ലോക്കിലുണ്ട്. ചെറുതും വലുതുമായ എല്ലാത്തരം കലാപരിപാടികളും അരങ്ങേറുവാനുളള സജ്ജീകരണങ്ങളോടു കൂടിയ 247 സീറ്റിംഗ് കപ്പാസിറ്റിയുള്ള പൂർണ്ണമായും ശീതീകരിച്ച ആഡിറ്റോറിയം, വിശാലമായ സ്റ്റോറേജ് ഏരിയ, ഗ്രീന്‍ റൂം, അത്യാധുനിക ശബ്ദ വെളിച്ച സംവിധാനം, പ്രൊജക്ഷന്‍ നിയന്ത്രണ ഉപകരണങ്ങള്‍ എന്നിവ മികച്ച കാഴ്ച്ചാനുഭവം ഒരുക്കുന്നു.
കൊല്ലം ജില്ലയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ സമുച്ചയം വിശാലമായ പാര്‍ക്കിംഗ് സൗകര്യങ്ങളും വിവിധ ഇനം ചെടികളും മരങ്ങളുമുള്ള ലാൻഡ്സ്‌കേപ്പിനാലും സമ്പന്നമാണ്. കൊല്ലത്തെ സാംസ്‌കാരിക ജീവിതത്തിന് ശ്രീ നാരായണ ഗുരു സാംസ്‌കാരിക സമുച്ചയം ഒരു പുത്തന്‍ ഉണര്‍വ് നല്‍കും എന്നതിൽ സംശയമില്ല. സാംസ്‌കാരിക വകുപ്പിന് വേണ്ടി ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയത്തിന്റെയും, മറ്റ് ജില്ലകളിലെ സാംസ്‌കാരിക സമുച്ചയങ്ങളുടെയും നിര്‍മ്മാണ പദ്ധതിയുടെ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ ആയി പ്രവര്‍ത്തിക്കുന്നത് സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ ആണ്.