കോവിഡ് 19: സാമ്പത്തികമാന്ദ്യം നേരിടാന്‍ 20,000 കോടിയുടെ പാക്കേജുമായി കേരളം

post

തിരുവനന്തപുരം : കോവിഡ്19 രോഗബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്താകെയുണ്ടായ സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാന്‍ 20,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വരുന്ന രണ്ടുമാസം കുടുംബശ്രീ വഴി 2000 കോടി രൂപയുടെ വായ്പ ലഭ്യമാക്കും. പ്രളയാനന്തരകാലത്തും ഇത്തരത്തില്‍ കുടുംബങ്ങള്‍ക്ക് കുടുംബശ്രീ മുഖേന വായ്പ ലഭ്യമാക്കിയിരുന്നു.
ഏപ്രില്‍-മേയ് മാസങ്ങളില്‍ ഓരോ മാസവും 1000 കോടി രൂപ വീതം ആകെ 2000 കോടിയുടെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കും. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ എപ്രിലില്‍ നല്‍കേണ്ടത് ഈ മാസം തന്നെ നല്‍കും. രണ്ടുമാസത്തെ പെന്‍ഷന്‍ തുകയാകും നല്‍കുക. ഇതിനായി 1370 കോടി രൂപ ചെലവഴിക്കും. ബി.പി.എല്‍/അന്ത്യോദയ കുടുംബങ്ങളിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ലഭിക്കാത്ത കുടുംബങ്ങള്‍ക്ക് 1000 രൂപ വീതം നല്‍കും. അത്തരം കുടുംബങ്ങള്‍ക്ക് ഉപജീവനസഹായമായി 100 കോടി വിനിയോഗിക്കും. എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒരു മാസത്തെ ഭക്ഷ്യധാന്യം നല്‍കും. ബി.പി.എല്‍/അന്ത്യോദയ വിഭാഗത്തിന് പുറമേയുള്ളവര്‍ക്ക് 10 കിലോ എന്ന നിലയിലാകും ഈ ഘട്ടത്തില്‍ നല്‍കുക. ഇതിനായി 100 കോടി നല്‍കും. ഏപ്രിലോടെ 20 രൂപയ്ക്ക് ഊണ് നല്‍കുന്ന 1000 ഭക്ഷണശാലകള്‍ കേരളത്തിലുടനീളം ആരംഭിക്കും. നേരത്തെ, 25 രൂപയ്ക്ക് ഊണ് നല്‍കുന്ന ഭക്ഷണശാലകള്‍ സെപ്റ്റംബറില്‍ ആരംഭിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. ഇതിനായി 50 കോടി ചെലവിടും.


ആരോഗ്യ പാക്കേജ് നടപ്പാക്കാന്‍ 500 കോടി രൂപ വകയിരുത്തും


വിവിധ മേഖലയില്‍ വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നല്‍കാനുള്ള എല്ലാ കുടിശ്ശികയും ഏപ്രിലില്‍ കൊടുത്തുതീര്‍ക്കും. ഇതിനായി 14,000 കോടി രൂപ ചെലവാക്കും. ഇത്തരത്തില്‍ ആകെ ചെലവാക്കുന്ന 20,000 കോടി രൂപ നാടിന്റെ സമ്പദ്ഘടനയില്‍ വ്യാപിച്ച് ഊര്‍ജം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനുപുറമേ അടിയന്തിരനടപടികളായി ഓട്ടോ, ടാക്‌സി തുടങ്ങിയവയുടെ ഫിറ്റ്‌നെസ് ചാര്‍ജില്‍ ഇളവ് നല്‍കും. ബസുകളില്‍ സ്റ്റേജ് കാരിയറുകള്‍ക്കും കോണ്‍ട്രാക്ട് കാരിയറുകള്‍ക്കും അടുത്ത മൂന്നുമാസം നല്‍കേണ്ട ടാക്‌സില്‍ ഒരു ഭാഗം ഇളവ് നല്‍കും. സ്റ്റേജ് കാരിയറുകള്‍ക്ക് മൂന്നുമാസത്തില്‍ ഒരുമാസത്തെ ഇളവും കോണ്‍ട്രാക്ട് കാരിയറുകള്‍ക്ക് തുല്യമായ നിലയില്‍ ഇളവുമാണ് നല്‍കുക. മൊത്തത്തില്‍ 23 കോടി 60 ലക്ഷം രൂപയുടെ ഇളവാണ് ഇവര്‍ക്ക് ലഭ്യമാകുക. വൈദ്യുതി, വാട്ടര്‍ ബില്ലുകള്‍ പിഴ കൂടാതെ അടയ്ക്കാന്‍ ഒരു മാസത്തെ സാവകാശം നല്‍കും. സിനിമാ തീയറ്ററുകള്‍ക്ക് വിനോദ നികുതിയില്‍ ഇളവ് നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.