വന്യജീവി ആക്രമണം: സൗരോര്‍ജ്ജ വേലി-പാനല്‍ വിതരണം ചെയ്ത് ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത്

post

വന്യജീവി ആക്രമണം പ്രതിരോധിച്ച് കൃഷി സംരക്ഷിക്കുക ലക്ഷ്യമിട്ട് സൗരോര്‍ജ്ജ വേലി-സൗരോര്‍ജ്ജ പാനല്‍ വിതരണം ചെയ്ത് പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത്. അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ വിതരണോദ്ഘാടനം നിര്‍വഹിച്ചു. കാട്ടുപന്നി അടക്കമുള്ള വന്യമൃഗങ്ങളില്‍ നിന്നുള്ള കൃഷിനാശത്തില്‍ നിന്ന് രക്ഷനേടാന്‍ ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നീക്കിവെച്ച 6,97,000 രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്.

ബാറ്ററി, എനര്‍ജൈസര്‍, 150 വാട്ട് ശേഷി വരുന്ന രണ്ട് പാനലുകള്‍, അഡാപ്റ്റര്‍, കണക്ഷന്‍ കേബിള്‍ എന്നിവയടങ്ങുന്ന ഒരു യൂണിറ്റിന് 30,000 രൂപയാണ് വില. ഇതില്‍ ഗ്രാമപഞ്ചായത്ത് 15,000 രൂപ സബ്‌സിഡി അനുവദിക്കും. ഒരു ഗുണഭോക്താവില്‍ നിന്നും 15,000 രൂപ ഗുണഭോക്തൃ വിഹിതം ഉപയോഗിച്ചാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.

പഞ്ചായത്തിലെ 46 ഗുണഭോക്താക്കള്‍ക്കായാണ് പദ്ധതി ആവിഷ്‌കരിച്ചത്. ഇതില്‍ 19 പേര്‍ക്കാണ് നിലവില്‍ സൗരോര്‍ജ്ജ വേലി വിതരണം ചെയ്തത്. അതില്‍ മൂന്നെണ്ണം രണ്ട് പാടശേഖരസമിതികള്‍ക്കും നല്‍കി. ഇതിനായി 2,85,000 രൂപ ചെലവഴിച്ചു. കരഭൂമിയില്‍ ഒരേക്കര്‍ വരെ ഒരു യൂണിറ്റും 12 മുതല്‍ 15 ഏക്കര്‍ വരെയുള്ള പാടശേഖരങ്ങള്‍ക്ക് ഒരു യൂണിറ്റും എന്ന നിലയിലാണ് പദ്ധതി ആനുകൂല്യം അനുവദിച്ചിട്ടുള്ളത്.