ലോകത്തെ ഏറ്റവും മികച്ച വൈറോളജി സ്ഥാപനമായി ഐ.എ.വിയെ മാറ്റും: മുഖ്യമന്ത്രി

post

ലൈഫ് സയൻസ് പാർക്കിലെ അഡ്മിൻ ആൻഡ് ബയോടെക് ലാബ് കെട്ടിടം ഐ.എ.വിക്ക് കൈമാറി

ലോകത്തിലെ തന്നെ ഏറ്റവും മികച്ച വൈറോളജി സ്ഥാപനമായി തിരുവനന്തപുരം തോന്നക്കൽ ബയോ 360 ലൈഫ് സയൻസ് പാർക്കിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയെ (ഐ.എ.വി) മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. “അത്യാധുനിക ഗവേഷണ സൗകര്യങ്ങളും വൈറസുകളെ കുറിച്ച് പഠിക്കുന്നതിനുള്ള സംവിധാനങ്ങളും ഐ.എ.വിയിൽ ഒരുക്കിയിട്ടുണ്ട്. വൈറൽ സിൻഡ്രോമുകൾക്കെതിരായ വാക്‌സിനുകൾ, ആന്റിബോഡികൾ എന്നിവ വികസിപ്പിക്കൽ വിഭാവനം ചെയ്തിട്ടുണ്ട്. ഇതിനു പുറമേ ഒട്ടേറെ അക്കാദമിക പ്രോഗ്രാമുകളും ഇവിടെ നടക്കുന്നു,” ലൈഫ് സയൻസ് പാർക്കിലെ അഡ്മിൻ ആൻഡ് ബയോടെക് ലാബ് കെട്ടിടത്തിന്റെയും, കെട്ടിടം ഐ.എ.വിക്ക് കൈമാറുന്ന ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഭാവി കേരളത്തിനുള്ള ഈടുവെപ്പുകളാണ് വിപുലീകരിക്കപ്പെട്ട ഐ.എ.വി. മെച്ചപ്പെട്ട ചികിത്സയും ആശുപത്രി സൗകര്യങ്ങളും മാത്രം ഒരുക്കിയാൽ മതിയാകില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വരുംകാലത്ത് ആരോഗ്യമേഖലയിൽ ഉയരുന്ന വെല്ലുവിളികളെ അതിജീവിച്ച്, സാധ്യതകളെ ഉപയോഗപ്പെടുത്തി വേണം മുന്നോട്ടു പോകാൻ. എങ്കിലേ സമഗ്ര ആരോഗ്യസുരക്ഷ എന്ന ലക്ഷ്യം കൈവരിക്കാൻ സാധിക്കുകയുള്ളൂ.

വരുന്ന കാലം ജൈവസാങ്കേതികവിദ്യയുടേതാണ്. ലോകത്ത് ഉയർന്നുവരുന്ന പുത്തൻ സാമ്പത്തിക മേഖലയാണ് ബയോഇക്കണോമിക്‌സ്. ഇന്ത്യയുടെ ബയോഇക്കണോമിക്‌സ് സാമ്പത്തിക വ്യവസ്ഥയുടെ മൊത്തം മൂല്യം 90 ബില്യൺ ഡോളർ വരും. ഓരോ വർഷവും 15 ശതമാനം വളർച്ചാനിരക്ക് രേഖപ്പെടുത്തുന്ന ഈ മേഖല രാജ്യത്തിന്റെ മൊത്തം ജി.ഡി.പിയുടെ മൂന്ന് ശതമാനം സംഭാവന നൽകുന്നു. ബയോഇക്കണോമിക്‌സിന്റെ വമ്പിച്ച പ്രാധാന്യം ഉൾക്കൊണ്ടാണ് സംസ്ഥാന സർക്കാർ ജൈവ സാങ്കേതികവിദ്യാ മേഖലയിൽ കാര്യമായ ഇടപെടൽ നടത്തുന്നത്. യുവ ബിരുദധാരികളെ ജൈവ സാങ്കേതികവിദ്യാ മേഖലയിൽ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ ബയോ എൻട്രപ്രനർഷിപ്പ് സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾ നടത്തുന്നു. കൂടാതെ യംങ്ങ് ഇൻവെസ്റ്റിഗേറ്റേഴ്‌സ് പ്രോഗ്രാം ഇൻ ബയോടെക്‌നോളജി, ബയോടെക്‌നോളജി ഫോർ റൂറൽ ഡെവലപ്‌മെന്റ്, ചീഫ് മിനിസ്റ്റേഴ്‌സ് കരിയർ അഡ്വാൻസ്ഡ് പ്രോഗ്രാം ഇൻ ബയോടെക്‌നോളജി എന്നിവയും ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നു.

രണ്ടു പതിറ്റാണ്ടായി നിരവധി വൈറൽ പകർച്ചവ്യാധികൾ കേരളത്തെ ബാധിച്ചു. ഇത്തരം അണുബാധകൾ തടയുന്നതിനും വാക്‌സിനുകളും മറ്റ് പ്രതിരോധ സംവിധാനവും രൂപപ്പെടുത്താനും വേണ്ടിയാണ് 2019 ൽ ഐ.എ.വി സ്ഥാപിച്ചത്. അതിന്റെ തുടർച്ചയാണ് ലാബിന്റെ വിപുലീകരണ പ്രവർത്തികൾ. ഐ.എ.വിയിൽ ശാസ്ത്രജ്ഞരും വിദ്യാർഥികളുമായി 75 ഗവേഷകർ ഉണ്ട്. രോഗപ്രതിരോധത്തോടൊപ്പം ജനിതക സാങ്കേതികവിദ്യാ രംഗത്തും വൈറൽ ഗവേഷണം സാധ്യതകൾ തുറന്നുതരുന്നു. അവ ഉപയോഗപ്പെടുത്തി സാമൂഹ്യപുരോഗതിക്കായുള്ള ഗവേഷണ പ്രവർത്തനം എന്ന സാർത്ഥകമായ ലക്ഷ്യം കൈവരിക്കാൻ സാധിക്കണമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

നിലവിൽ 50 ഓളം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്ക് ഐ.എ.വിയുടെ സേവനം ലഭ്യമാകുന്നുണ്ട്. ഇതിനുപുറമേ സംസ്ഥാനത്തെ മെഡിക്കൽ കോളജുകൾ, മറ്റ് ആശുപത്രികൾ എന്നിവയും വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സേവനം പ്രയോജനപ്പെടുത്തി തുടങ്ങിയിട്ടുണ്ട്.

വൈറൽ രോഗങ്ങളുടെ നിർണയം നടത്തി പരിശോധനാഫലം നേരത്തെ നൽകാൻ ഇവിടെ കഴിയുന്നു. ഒപ്പം പുതിയ രോഗത്തിന്റെ വരവ് മുൻകൂട്ടി കണ്ടെത്താനുള്ള പാൻഡെമിക് പ്രിപ്പയേർഡ്‌നസ്സിന്റെ ഭാഗമായും സംവിധാനം ഒരുക്കിയിട്ടുണ്ട്.

വൈറൽ രോഗ ഗവേഷണത്തിലൂടെ പുതിയ വാക്‌സിനുകൾ, മോണോക്ലോണൽ ആൻറിബോഡികൾ, മരുന്നുകൾ ഇവയെല്ലാം കണ്ടുപിടിക്കാനുള്ള ഗവേഷണത്തിലേക്കാണ് ഐ.എ.വിയിൽ നിലവിൽ പ്രവർത്തിക്കുന്ന ആറ് ലാബുകൾ ശ്രദ്ധയൂന്നുന്നത്. ഈ ലാബുകൾക്ക് പുറമെയാണ് എട്ട് പുതിയ ബി.എസ്.എൽ ലെവൽ II ലാബുകൾ ബുധനാഴ്ച ഉദ്ഘാടനം ചെയ്യപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിപ്പ വൈറസിനെതിരെയുള്ള ആൻറിബോഡി, ഓറൽ റാബിസ് വാക്‌സിൻ ഗവേഷണം എന്നിവയും ലാബിൽ ആരംഭിച്ചിട്ടുണ്ട്. ഒപ്പം സ്വകാര്യമേഖലയെ ഉൾപ്പെടുത്തി പാർട്ടിസിപ്പേറ്ററി റിസർച്ച് ആൻഡ് ഡെവലപ്‌മെൻറ് പ്രോഗ്രാമും നടപ്പാക്കും. ഇത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

പരിപാടിയിൽ സംസ്ഥാന സർക്കാറിന്റെ നൂറ് ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി എട്ട് പുതിയ ബി.എസ്.എൽ II ലാബുകൾ, ഫേജ് ഡിസ്‌പ്ലേ സ്‌ക്രീനിംഗ് സംവിധാനം, വൈറൽ ബയോ അസ്സെ ആൻഡ് മെറ്റാ ജീനോമിക്‌സ് സീക്വൻസിംഗ് ഫെസിലിറ്റി എന്നിവയും നാടിന് സമർപ്പിച്ചു.

ഇതിന് പുറമെ ബി.എസ്.എൽ III ലാബ് സമുച്ചയം, ട്രാൻസ്ജനിക് അനിമൽ ഫെസിലിറ്റി എന്നിവയുടെ നിർമ്മാണ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. പരിപാടിയിൽ വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. മറ്റൊരിടത്തും കാണാനാവാത്ത വികസനത്തിന്റെ ഇക്കോസിസ്റ്റം കേരളത്തിൽ രൂപപ്പെട്ടുവന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. ഇത് ഭാവി വളർച്ചയിൽ നന്നായി പ്രതിഫലിക്കും.

ജിനോം ഗവേഷണകേന്ദ്രം, ഗ്രഫീൻ ഗവേഷണം എന്നിവയെല്ലാം നമ്മുടെ നാട് മാറുന്നു എന്ന് തെളിയിക്കുന്നതാണ്. ജൈവവൈവിധ്യത്താൽ സമ്പന്നമായ കേരളം ജൈവസാങ്കേതികവിദ്യാ രംഗത്ത് ഇന്ത്യയെ നയിക്കും. തോന്നക്കൽ ലൈഫ് സയൻസ് പാർക്കിലേക്ക് മലയാളിയായ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പുതുതായി ഉടൻ സ്ഥാനമേൽക്കുമെന്നും മന്ത്രി അറിയിച്ചു.