സൗജന്യ കൈത്തറി യൂണിഫോം : കൂലി കുടിശ്ശിക വിതരണം തുടങ്ങി

post

തിരുവനന്തപുരം : വിദ്യാലയങ്ങളില്‍ സൗജന്യ കൈത്തറി സ്‌കൂള്‍ യൂണിഫോം നെയ്ത തൊഴിലാളികള്‍ക്കുള്ള കൂലി വിതരണം തുടങ്ങി. 30 കോടി രൂപയാണ് ഇപ്പോള്‍ ആകെ വിതരണം ചെയ്യുന്നത്. സ്‌കൂള്‍ യൂണിഫോം നെയ്തവര്‍ക്കുള്ള കൂലിയായി ഇതുവരെ 154 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. സ്റ്റേറ്റ് ബാങ്കുകള്‍ വഴിയും ജില്ലാ സഹകരണ ബാങ്കുകള്‍ വഴിയുമാണ് പണം വിതരണം ചെയ്യുന്നത്. തിരുവനന്തപരും ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കൂലി വിതരണം ചെയ്യുന്നത്, 14.3 കോടി രൂപ. കണ്ണൂര്‍ ജില്ലയില്‍ 5.33 കോടിയും കോഴിക്കോട് ജില്ലയില്‍ 2.25 കോടിയും ഹാന്‍വീവിന് 4.4 കോടി രൂപയും വിതരണം ചെയ്യും. സ്പിന്നിങ്ങ് മില്ലുകളില്‍ നിന്നു വാങ്ങിയ നൂലിന്റെ വിലയും ഡൈയിംഗ് ചാര്‍ജും ഇതിനോടൊപ്പം നല്‍കും. കൈത്തറി ഡയറക്ടറേറ്റ് ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ മുഖേന കൈത്തറി സംഘങ്ങളുടെയും തൊഴിലാളികളുടെയും അക്കൗണ്ടിലേക്കാണ് പണം നല്‍കുന്നത്. കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ നിന്നാണ് ആവശ്യമായ തുക ലഭ്യമാക്കിയത്.