പുനരുജ്ജീവിപ്പിച്ച കുട്ടംപേരൂര്‍ ആറ് നാടിനു സമര്‍പ്പിച്ചു
 
                                                
സംസ്ഥാനത്ത് ജല ബജറ്റിങ്ങിന് തുടക്കം- മുഖ്യമന്ത്രി
ആലപ്പുഴ: ഓരോ പ്രദേശത്തെയും ജല ലഭ്യതയും ജലത്തിന്റെ ഉപഭോഗവും കണക്കാക്കി സംസ്ഥാനത്ത് ജലബജറ്റിങിന് തുടക്കം കുറിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ജലബജറ്റിങ് നടപ്പിലാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സഹരിക്കണമെന്നും പുനരുജ്ജീവിപ്പിച്ച കുട്ടംപേരൂര്‍ ആറ് നാടിനു സമര്‍പ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

കുട്ടംപേരൂര്‍ ആറിന്റെ പുനരുജ്ജീവനം തൊഴിലുറപ്പ് തൊഴിലാളികളുടെയും കുടുംബശ്രീ അംഗങ്ങളുടെയും വിജയഗാഥയാണെന്ന് മുഖ്യമന്ത്രി
അഭിപ്രായപ്പെട്ടു. മാതൃകാപരമായ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ നവീകരണം സാധ്യമാക്കിയ എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു. പുനരുജ്ജീവിപ്പിക്കുന്ന ജലസ്രോതസുകള്‍ തുടര്‍ന്നും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം. പ്രകൃതി വിഭവങ്ങളുടെ അശാസ്ത്രീയമായ ഉപഭോഗം തടയുന്നതു വഴി ജലസ്രോതസുകള്‍ സംരക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതിയുടെ ഭാഗമായി 3000 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാനായി. കേരളത്തിലെ മണ്മറഞ്ഞു പോയ ജലസ്രോതസ്സുകളെ വീണ്ടെടുക്കാനായി സംസ്ഥാന സര്‍ക്കാരിന്റെ ഹരിത കേരള മിഷനിലൂടെ സാധിച്ചു. അമിതമായ ഭൂവിനിയോഗവും ജലചൂഷണവും പ്രകൃതി വിഭവങ്ങളുടെ ആശാസ്ത്രീയമായ ഉപയോഗവും കുറയ്ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുട്ടംപേരൂര്‍ കാര്‍ത്യായനി ക്ഷേത്ര മൈതാനത്തു നടന്ന ചടങ്ങില്‍ ഫിഷറീസ് സാംസ്‌കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. കുട്ടംപേരൂര്‍ ആറ് ഒരു പ്രദേശത്തിന്റെ തന്നെ ജീവനാഡി ആയിരുന്നുവെന്ന് മന്ത്രി പറഞ്ഞു. നിരവധിയാളുകളുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് ആറ് പുനരുജ്ജീവിപ്പിക്കാന്‍ കഴിഞ്ഞത്. മത്സ്യ തൊഴിലാളികള്‍ക്ക് ഉപജീവന മാര്‍ഗമായി പുഴ മാറുമെന്നും അപ്പര്‍ കുട്ടനാടിന്റെ കാര്‍ഷിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ഹരിത കേരളം മിഷനില്‍ ഉള്‍പ്പെടുത്തി നബാര്‍ഡില്‍ നിന്നും അനുവദിച്ച 15.70 കോടി രൂപ ചെലവഴിച്ച് മൂന്നു ഘട്ടങ്ങളിലായാണ് കുട്ടന്‍പേരൂര്‍ ആറ് നവീകരിച്ചത്.
തെളിഞ്ഞൊഴുകട്ടെ കുട്ടമ്പേരൂര്‍ ആറ്
ജലസ്രോതസുകളുടെ സംരക്ഷണത്തിന് രാജ്യത്തിന് തന്നെ മാതൃകയാവുകയാണ് തെളിഞ്ഞൊഴുകുന്ന കുട്ടമ്പേരൂര്‍ ആറ്. ബുധനൂര്‍, ചെന്നിത്തല, പാണ്ടനാട് പഞ്ചായത്തുകളെ കാര്‍ഷിക സമൃദ്ധിയിലാക്കിയിരുന്ന കുട്ടമ്പേരൂര്‍ ആറ് ഒരുകാലത്തെ പ്രധാന ജലഗതാഗത പാതയായിരുന്നു. എന്നാല്‍ കൈയ്യേറ്റവും മാലിന്യ നിക്ഷേപവും അമ്പത് മീറ്ററോളം വീതിയില്‍ ഒഴുകിയിരുന്ന ആറിനെ കാലക്രമേണ ഇല്ലാതാക്കി. 2016-ല്‍ പുഴയ്ക്ക് പുനര്‍ജന്മം നല്‍കാന്‍ സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതിക്കൊപ്പം ബുധനൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ചേര്‍ന്നതോടെയാണ് കുട്ടമ്പേരൂരിന് ജീവന്‍ തിരിച്ചുകിട്ടിയത്.
ബുധനൂര്‍ ഗ്രാമപഞ്ചായിന്റെ തൊഴിലുറപ്പ് പദ്ധതിയിലൂടെയാണ് നവീകരണം തുടങ്ങിയത്. ഈ പ്രവര്‍ത്തന വിജയം പ്രധാനമന്ത്രിയുടെ മന്‍ കി ബാത് പരിപാടിയില്‍ പരാമര്‍ശിക്കപ്പെട്ടു. ഒപ്പം സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരവും ഗ്രാമപഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളെ തേടിയെത്തി. സംസ്ഥാന സര്‍ക്കാര്‍ രണ്ട് ഘട്ടങ്ങളായി 15.4 കോടി രൂപ അനുവദിച്ച് നവീകരണം വിപുലമാക്കി. ഉളുന്തിമുതല്‍ ഇല്ലിമലവരെയുളള എട്ട് കിലോമീറ്റര്‍ ദൂരമാണ് നദി നവീകരിച്ചത്. നദിയുടെ ആഴവും 50 മീറ്ററോളം വീതിയും കൂട്ടി. പമ്പ, അച്ചന്‍കോവില്‍ നദികളുടെ കൈവഴിയായ കുട്ടമ്പേരൂര്‍ ആറ് നിറഞ്ഞൊഴുകുമ്പോള്‍ പ്രദേശത്തെ വിനോദ സഞ്ചാര കാര്‍ഷിക മേഖലകളും പ്രത്യാശയിലാണ്.










