താനൂർ നിയോജക മണ്ഡലത്തിൽ സംഘാടക സമിതി രൂപീകരിച്ചു

രണ്ടാം പിണറായി സർക്കാരിന്റെ 100 ദിന കർമ പരിപാടിയിലുൾപ്പെടുത്തി മലപ്പുറം ജില്ലയിലെ താനൂർ നിയോജക മണ്ഡലത്തിൽ പണി പൂർത്തിയായ നാല് സ്റ്റേഡിയങ്ങളുടെ ഉദ്ഘാടന പരിപാടികൾ വിജയിപ്പിക്കുന്നതിനുള്ള സ്വാഗത സംഘം രൂപീകരിച്ചു. 10.2 കോടി രൂപ ചെലവിൽ നിർമിക്കുന്ന കാട്ടിലങ്ങാടി സ്റ്റേഡിയം, ഫിഷറീസ് സ്കൂളിൽ 2.9 കോടി രൂപ ചെലവിൽ നിർമിച്ച സ്റ്റേഡിയം, ഉണ്യാലിൽ ഫിഷറീസ് വകുപ്പിന്റെ സ്ഥലത്ത് 4.95 കോടി രൂപ ചെലവിൽ നിർമിച്ച സ്റ്റേഡിയം, താനാളൂരിലെ 80 ലക്ഷം രൂപ ചെലവിൽ നിർമിച്ച ഇ.എം.എസ് സ്റ്റേഡിയം എന്നിവയുടെയും ഫിഷറീസ് സ്കൂളിൽ പുതുതായി നിർമിച്ച ഹൈസ്കൂൾ കെട്ടിടത്തിന്റെയും ഉദ്ഘാടനങ്ങളാണ് മെയ് 16ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നത്. താനൂർ വ്യാപാര ഭവനിൽ ചേർന്ന സ്വാഗത സംഘ രൂപീകരണ യോഗം കായിക ന്യൂനപക്ഷ ക്ഷേമ വഖഫ് ഹജ്ജ്, റെയിൽവേ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.