മാതൃകയാക്കാം കാവനൂർ പഞ്ചായത്തിന്റെ 'അക്ഷര മിഠായി' പദ്ധതി

കാവനൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന എൽ.പി, യു.പി സ്കൂളുകളിലെ വിദ്യാർഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനായി നടപ്പാക്കിയ 'അക്ഷരം മിഠായി' പദ്ധതി ശ്രദ്ധേയമാകുന്നു. കോവിഡ് സാഹചര്യത്തിൽ ഓൺലൈൻ പഠനം മാത്രമായി വീടുകളിൽ ഒതുങ്ങികൂടിയ വിദ്യാർഥികളിൽ പലർക്കും തിരിച്ച് സ്കൂളിൽ എത്തിയപ്പോൾ പഠന നിലവാരം ഉയർത്താൻ വളരെയധികം പ്രയാസം നേരിട്ടിരുന്നു. ഭൂരിഭാഗം വിദ്യാർഥികളും കുറച്ചുനാളുകൾ കൊണ്ട് സാധാരണ രീതിയിലെത്തിയെങ്കിലും കുറച്ച് കുട്ടികൾ വളരെ പിന്നോക്കാവസ്ഥയിലാണുണ്ടായിരുന്നത്. ഇത്തരം വിദ്യാർഥികളെ കണ്ടെത്തി അവർ വായനയിലും എഴുത്തിലും നേരിട്ട പ്രയാസം മനസ്സിലാക്കി കൈത്താങ്ങൊരുക്കുകയാണ് 'അക്ഷര മിഠായി' പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്.
പഞ്ചായത്ത് പരിധിയിൽ വരുന്ന 13 എൽ.പി, യു.പി സ്കൂളുകളിൽ നിന്നും തിരഞ്ഞെടുത്ത കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. ഇതിൽ സർക്കാർ, അർധ സർക്കാർ, സ്വകാര്യ സ്കൂളുകളിലേയും വിദ്യാർഥികൾ ഉൾപ്പെടുന്നുണ്ട്. സ്കൂളുകളിലെത്തി അധ്യാപകരോടും വിദ്യാർഥികളോടും സംസാരിച്ച് പഠനനിലവാരത്തിൽ വളരെ പിന്നോക്കം നിൽക്കുന്ന 30 കുട്ടികളെ ഓരോ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുത്ത് അവർക്കാവശ്യമായ രീതിയിൽ പരിശീലനം നൽകുകയാണ് ചെയ്യുന്നത്. വിദ്യാർത്ഥികളെ പരിശീലിപ്പിക്കാനായി ബി.എഡ് പൂർത്തിയാക്കി പരിശീലനം നടത്തുന്ന അധ്യാപകരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
കഴിഞ്ഞ ഡിസംബറിൽ ആരംഭിച്ച പദ്ധതിയിലൂടെ മൂന്നു മാസത്തിനുള്ളിൽ 532 വിദ്യാർത്ഥികളെ പരിശീലിപ്പിച്ച് പഠന നിലവാരം ഉയർത്താനും ക്ലാസിലെ മറ്റു വിദ്യാർത്ഥികൾക്കൊപ്പമെത്തിക്കാനും സാധിച്ചിട്ടുണ്ട്. 30 അധ്യാപകരെയാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകാനായി നിയോഗിച്ചിട്ടുള്ളത്. 14 ലക്ഷം രൂപയാണ് പദ്ധതിക്കായി വിനിയോഗിക്കുന്നത്. അക്ഷര മിഠായി പദ്ധതിയിലൂടെ എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പുകൾക്കുള്ള പരിശീലന പരിപാടികളും നടത്തിവരുന്നുണ്ട്. ഇതോടൊപ്പം ഈ പദ്ധതിയിൽ ഉൾപ്പെടുത്തി എല്ലാ വിദ്യാലയത്തിലെയും കുട്ടികൾക്ക് പ്രഭാത ഭക്ഷണം ഒരുക്കുന്ന പദ്ധതിയും നടന്നുവരുന്നു.