പ്രകൃതിക്ക് സംരക്ഷണം ഒരുക്കി പോർക്കുളം പഞ്ചായത്ത്

വഴിയോരങ്ങളിൽ തണൽമരങ്ങൾ നട്ട് പ്രകൃതിക്ക് സംരക്ഷണമൊരുക്കി മാതൃകയാകുകയാണ് തൃശൂർ ജില്ലയിലെ പോർക്കുളം ഗ്രാമപഞ്ചായത്ത്. വാർഡ് 12, 13 എന്നിവിടങ്ങളിലാണ് വനവത്കരണവും സംരക്ഷണവും പദ്ധതി പ്രാവർത്തികമാക്കുന്നത്. 13.26 ലക്ഷം രൂപയാണ് പദ്ധതിക്ക് വകയിരുത്തിയിട്ടുള്ളത്. 367 തൊഴിൽദിനങ്ങളിലൂടെ പഞ്ചായത്തിലെ പൊതുസ്ഥലങ്ങളിൽ സഞ്ചാരികൾക്ക് വിശ്രമകേന്ദ്രവും പ്രകൃതിക്ക് കൂടുതൽ മനോഹാരിതയും കൈവരും.
പൊതുസ്ഥലങ്ങളിൽ വനവൽക്കരണവും സംരക്ഷണവും എന്ന പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ രാമകൃഷ്ണൻ നിർവഹിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 2023- 24 വാർഷിക കർമ്മപദ്ധതിയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.