കാസർഗോഡ് ജില്ലയിലെ മൂന്ന് വില്ലേജ് ഓഫീസുകൾ സ്മാർട്ടായി

post

തുരുത്തി, മഞ്ചേശ്വരം താലൂക്കിലെ പദ്രെ, മധൂര്‍ എന്നിവിടങ്ങളിൽ നിര്‍മ്മിച്ച സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങൾ റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍ നാടിനു സമർപ്പിച്ചു. സംസ്ഥാനത്തെ ഭൂമിയില്ലാത്ത എല്ലാവര്‍ക്കും ഭൂമിയെന്ന ലക്ഷ്യവുമായി അവരെ ഭൂമിയുടെ അവകാശികള്‍ ആക്കാനുള്ള മിഷനുമായി ഒരു നൂതന പ്രവര്‍ത്തനത്തിന് കേരളം ഒരുങ്ങുകയാണെന്ന് മന്ത്രി കെ.രാജന്‍ പറഞ്ഞു.

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യത്തോടെ സംസ്ഥാന റവന്യൂ വകുപ്പ് പ്രവര്‍ത്തനങ്ങൾ കേന്ദ്രീകരിക്കുകയാണ്. ഒരു വീട്ടില്‍ ഒരാളെ എങ്കിലും റവന്യു അപേക്ഷകള്‍ സ്വന്തം ഫോണ്‍ ഉപയോഗിച്ച് തയ്യാറാക്കി അയക്കാന്‍ പ്രാപ്തരാക്കാന്‍ റവന്യു ഇ - സാക്ഷരതയ്ക്ക് നേതൃത്വം നല്‍കുകയാണ്. റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ, എന്‍.എസ്.എസ്, എന്‍.സി.സി തുടങ്ങിയവ ഉപയോഗപ്പെടുത്തി വീടുകള്‍ തോറും റവന്യു ഇ-സാക്ഷരത നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.


മഞ്ചേശ്വരം താലൂക്കിന് സ്വന്തമായ ഓഫീസ് കെട്ടിടം അനുവദിക്കുമെന്ന് പദ്രെ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്‌ഘാടനച്ചടങ്ങിൽ മന്ത്രി പ്രഖ്യാപിച്ചു. പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗമാണ് പദ്രെ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മ്മിച്ച് നല്‍കിയത്. ഓഫീസ് കെട്ടിടവും കുടിവെള്ള സൗകര്യവുമാണ് ഇവിടെ ഒരുക്കിയത്.

കാഞ്ഞങ്ങാട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെയും താലൂക്ക് എമര്‍ജന്‍സി ഓപ്പറേറ്റിംഗ് സെന്റിന്റെയും ഉദ്‌ഘാടനവും മന്ത്രി നിർവഹിച്ചു. 44 ലക്ഷം രൂപ ചെലവിട്ട് 1171 സ്‌ക്വയര്‍ ഫീറ്റിലാണ് കെട്ടിടം നിര്‍മ്മിച്ചത്. നിലവിലുണ്ടായിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ച് അതിനോട് ചേര്‍ന്നാണ് പുതിയ കെട്ടിടം നിര്‍മിച്ചത്.


വില്ലേജ് ഓഫിസറുടെ മുറി, ഡോക്യുമെന്റ് മുറി, വിശ്രമ സ്ഥലം, ഓഫിസ്, വരാന്ത, സിറ്റൗട്ട്, ഹെല്‍പ് ഡെസ്‌ക്, ടോയ്‌ലറ്റ് സൗകര്യം എന്നിവയോട് കൂടിയ ഒറ്റനില കെട്ടിടമാണ് നിര്‍മാണം പൂര്‍ത്തിയായത്. ഐങ്ങോത്ത് ദേശീയ പാതയ്ക്ക് സമീപമാണ് കെട്ടിടം നിര്‍മിച്ചത്. ദൂരന്ത നിവരണ നിര്‍ദ്ദേശങ്ങള്‍ അറിയിക്കാനും ഏകോപിപ്പിക്കാനും വേണ്ടിയാണ് 13 ലക്ഷം രൂപ ചിലവില്‍ താലൂക്ക് എമര്‍ജന്‍സി ഓപ്പറേറ്റിംഗ് സെന്റര്‍ നിര്‍മ്മിച്ചത്.