തീരദേശമേഖലയിലെ യുവാക്കള്‍ക്കായി 'ആരവം 2023'; രജിസ്‌ട്രേഷന്‍ മാര്‍ച്ച് 30 മുതല്‍

post

തിരുവനന്തപുരം ജില്ലയിലെ തീരദേശമേഖലയിലെ യുവാക്കള്‍ക്കായി ജില്ലാ ഭരണകൂടം കായികമത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ആരവം 2023 എന്ന് പേരിട്ടിരിക്കുന്ന പരിപാടിയില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 18നും 25നും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍ക്ക് പങ്കെടുക്കാം. കേന്ദ്രകായിക മന്ത്രാലയം, ജില്ലാ ഭരണകൂടം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, സ്‌പോര്‍ട്‌സ് കേരള ഫെഡറേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. താത്പര്യമുള്ളവര്‍ അതത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും മത്സ്യഭവനിലും പേര് രജിസ്റ്റര്‍ ചെയ്യണം. മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 10 വരെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വയസ്, മത്സ്യത്തൊഴിലാളി കുടുംബത്തിലുള്‍പ്പെടുന്നുവെന്ന് തെളിയിക്കുന്ന രേഖ എന്നിവ രജിസ്‌ട്രേഷന്‍ സമയത്ത് ഹാജരാക്കണം. ഫുട്‌ബോള്‍, വോളിബോള്‍, കബഡി, വടംവലി എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഓരോ ഇനത്തിനും പുരുഷ, വനിതാ ടീമുകള്‍ ഉണ്ടായിരിക്കും. സ്‌ക്രീനിംഗിന് ശേഷം മാത്രമായിരിക്കും ടീമുകളും തിയതിയും പ്രഖ്യാപിക്കുക.

ആരവം 2023ന് മുന്നോടിയായി സൗഹൃദ പ്രദര്‍ശന ഫുട്‌ബോള്‍ മത്സരം മാര്‍ച്ച് 30ന് നടക്കും. വൈകിട്ട് 4ന് അടിമലത്തുറയില്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ടീമും അടിമലത്തുറ ക്ലബ്ബ് അംഗങ്ങളും തമ്മിലാണ് സൗഹൃദ മത്സരം.