കോവിഡ് പ്രതിരോധം: വിദഗ്ധ സമിതി രൂപീകരിക്കും

post

തിരുവനന്തപുരം: കോവിഡ് 19 വ്യാപനം തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ സഹായിക്കാനും ഉപദേശം നല്‍കാനും വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് 19 പ്രതിരോധം സംബന്ധിച്ച് ഡോക്ടര്‍മാരുമായും ശാസ്ത്രജ്ഞന്‍മാരുമായും ആശയവിനിയമം നടത്തുകയായിരുന്നു മുഖ്യമന്ത്രി.

പൊതുജനങ്ങള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിവരങ്ങള്‍ കൈമാറാനും അവരെ ബോധവല്‍ക്കരിക്കുന്നതിനും ഇന്ററാക്ടീവ് വെബ് പോര്‍ട്ടല്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. രോഗപ്രതിരോധ സന്ദേശം വീടുകളില്‍ എത്തിക്കാന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ സേവനം പ്രയോജനപ്പെടുത്തും. ആരോഗ്യ സര്‍വ്വകലാശാല ഇതിന് നേതൃത്വം നല്‍കും. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ സഹകരണവും ഇക്കാര്യത്തില്‍ ഉറപ്പാക്കും. പാരാമെഡിക്കല്‍ ജീവനക്കാരുടെ സേവനവും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും. 

പൊതുജനങ്ങള്‍ക്ക് രോഗപ്രതിരോധം, ചികിത്സ എന്നിവ സംബന്ധിച്ച് ഡോക്ടര്‍മാരില്‍ നിന്ന് ഉപദേശം ലഭിക്കുന്നതിന് ഡിജിറ്റല്‍ കണ്‍സള്‍ട്ടേഷന്‍ ആരംഭിക്കും. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഇതിന് മുന്‍കൈ എടുക്കണം. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളോടൊപ്പം സമൂഹത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനുള്ള ഇടപെടലുകളും ആവശ്യമാണ്. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് ഡോക്ടര്‍മാരുടെ പിന്തുണയുണ്ടാകണം. 

ലോകത്തിന്റെ പല ഭാഗങ്ങളിലും കോവിഡ് 19 നെക്കുറിച്ച് നടക്കുന്ന ധാരാളം പഠനങ്ങളും ഗവേഷണങ്ങളും സംബന്ധിച്ച വിവരങ്ങളും നിഗമനങ്ങളും നിരീക്ഷിക്കാനും വിലയിരുത്താനും സംവിധാനമുണ്ടാക്കും. അറുപതിന് മുകളില്‍ പ്രായമുളളവരിലും ശ്വാസകോശ, ഹൃദയ രോഗങ്ങള്‍ ഉള്ളവരിലും രോഗബാധ മാരകമായിരിക്കും എന്നതാണ് പൊതുവെയുള്ള അനുഭവം. അതുകൊണ്ട് പ്രായമേറിയവരെയും മറ്റ് രോഗങ്ങള്‍ ബാധിച്ചവരെയും പ്രത്യേകം സംരക്ഷിക്കാന്‍ ശ്രദ്ധ ചെലുത്തും. സംസ്ഥാനത്തെ പാലിയേറ്റിവ് സെന്ററുകളുടെയും പാലിയേറ്റിവ് വളണ്ടിയര്‍മാരുടെയും സേവനം ഇതിന് ഉപയോഗപ്പെടുത്തും.  

ഡോക്ടര്‍മാരും ആശുപത്രികളില്‍ അവരെ സഹായിക്കുന്ന ജീവനക്കാരും കൂടുതല്‍ മുന്‍കരുതല്‍ എടുക്കണം. ഇതിനാവശ്യമായ മാര്‍ഗനിര്‍ദേശം സര്‍ക്കാര്‍ നല്‍കും. സര്‍ക്കാരിനെ സംബന്ധിച്ച് ജനങ്ങളുടെ ജീവന്‍ രക്ഷിക്കുക എന്നതാണ് പ്രധാനം. അതിനുവേണ്ടി എല്ലാ വകുപ്പുകളും ഒത്തൊരുമിച്ച് നീങ്ങുകയാണ്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല. രോഗബാധ സംശയിക്കുന്നവരെ കൃത്യമായി നിരീക്ഷിക്കാനും സംവിധാനം ഒരുക്കിയിട്ടുണ്ട്. പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുന്നവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കും. നിരീക്ഷണത്തിലുള്ളവര്‍ സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക എന്നത് ഏറ്റവും പ്രധാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചര്‍, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ ഖൊബ്രഗഡെ, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു, ഡോ. ബി. ഇക്ബാല്‍, ഡോ. കെ. പി. അരവിന്ദന്‍, ഡോ. എം. ആര്‍. രാജഗോപാല്‍, ഡോ. വി. രാമന്‍ കുട്ടി, ഡോ. ഇ. ശ്രീകുമാര്‍ (രാജീവ് ഗാന്ധി സെന്റര്‍ ഫോല്‍ ബയോടെക്‌നോളജി), ഡോ. സ്റ്റാലിന്‍ രാജ് (ഐസര്‍, തിരുവനന്തപുരം), ഡോ. പി. എസ്. ഷെറീക്, ഡോ. സോഫിയ സലീം മാലിക്, ഐഎംഎ പ്രസിഡന്റ് ഡോ. അബ്രഹാം വര്‍ഗീസ്, ഡോ. രവി പ്രസാദ്, ഡോ. ശ്രീജിത് എന്‍. കുമാര്‍, ഡോ. മോഹന്‍ (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി), മുഖ്യമന്ത്രിയുടെ സെക്രട്ടറി എം. ശിവശങ്കര്‍, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം. സി. ദത്തന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.