പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച് മന്ത്രി തിലോത്തമന്‍

post

* ബ്രേക്ക് ദ ചെയിന്‍ കിയോസ്‌കുകള്‍ തുറന്നു

* പഞ്ചായത്തുകളില്‍ യോഗം ചേര്‍ന്നു

കോട്ടയം : കൊറോണ വൈറസിന്റെ വ്യാപനം ഫലപ്രദമായി തടയുന്നതിന് സര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ വന്‍ ജനപിന്തുണ. മുന്‍കരുതല്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് തലത്തില്‍ ഇന്നലെ യോഗം ചേര്‍ന്നു. ജില്ലയുടെ ചുമതലയുള്ള ഭക്ഷ്യപൊതുവിതരണ മന്ത്രി പി. തിലോത്തമന്‍ നേരിട്ടാണ് കോട്ടയത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
വൈറസ് വ്യാപനം തടയുന്നതിനുള്ള ബ്രേക്ക് ദ ചെയിന്‍ കാമ്പയിനിന്റെ ഭാഗമായുള്ള കിയോസ്‌കുകള്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ സജ്ജീകരിച്ചുതുടങ്ങി. ശാസ്ത്രീയമായി കൈ കഴുകി, വ്യക്തിശുചിത്വം പാലിച്ച് വൈറസിനെ പ്രതിരോധിക്കുകയാണ് കാമ്പയിനിന്റെ ലക്ഷ്യം.
ജില്ലാതല ഉദ്ഘാടനം കളക്ട്രേറ്റില്‍ മന്ത്രി തിലോത്തമന്‍  നിര്‍വ്വഹിച്ചു. വൈറസ് വ്യാപനം തടയുന്നതിന് സര്‍ക്കാര്‍ നടപ്പാക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളിലും സമൂഹത്തിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാകണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ,ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ബാബു, ഡി.എം.ഒ ഡോ.ജേക്കബ് വര്‍ഗീസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.കാമ്പയിനിന്റെ ഭാഗമായി കളക്ടറേറ്റിലെയും മറ്റു കേന്ദ്രങ്ങളിലെയും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങളിലും ബ്രേക്ക് ദ  ചെയിന്‍ കിയോസ്‌കുകള്‍ തുറന്നിട്ടുണ്ട്. ഓഫീസുകളിലെ ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും കൈകള്‍ ശുചികരിക്കുന്നതിനായി സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ്, സോപ്പ്, വെള്ളം, ടിഷ്യൂ പേപ്പര്‍ തുടങ്ങിയവയാണ് കിയോസ്‌കുകളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതിനു പുറമെ കൊറോണ ബോധവത്കരണ ലഘുലേഖകളുടെ വിതരണവുമുണ്ട്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെയും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെയും  കിയോസ്‌കുകള്‍ മന്ത്രി സന്ദര്‍ശിച്ചു.
തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനിലെ ഹെല്‍പ്പ് ഡെസ്‌കിലെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ  യാത്രാക്കാര്‍ക്കായി ഏര്‍പ്പെടുത്തിയ മന്ത്രി ഇന്‍ഫ്രാറെഡ് തെര്‍മോ മീറ്റര്‍ ഉപയോഗിച്ചുള്ള പരിശോധനയ്ക്കും വിധേയനായി.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.