യംഗ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം: സർക്കാർ വകുപ്പുകളുടെ ജില്ലാ ശിൽപ്പശാല തുടങ്ങി

post

കോട്ടയം: വിദ്യാർഥികളിലെ ഇന്നൊവേഷൻ പ്രോത്സാഹിപ്പിക്കുന്ന കേരള സർക്കാരിന്റെ പരിപാടിയായ യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാമിന്റെ (വൈ ഐ പി) ഭാഗമായി സംഘടിപ്പിക്കുന്ന സർക്കാർ വകുപ്പുകളുടെ ദ്വിദിന ശിൽപശാലയ്ക്ക് ജില്ലയിൽ തുടക്കം. ഐ.എം.എ. ഹാളിൽ നടന്ന ശിൽപശാല സബ് കളക്ടർ സഫ്ന നസറുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു അധ്യക്ഷത വഹിച്ചു. പാലാ സെന്റ് ജോസഫ് കോളജ് അസിസ്റ്റന്റ് പ്രൊഫസർ എസ്. സർജു മുഖ്യപ്രഭാഷണം നടത്തി. ഡോ. ജിൻസൺ ജോസഫ,് കെ-ഡിസ്‌ക് ജില്ലാ പ്രോഗ്രാം ഓഫീസർ ദിപിൻ എന്നിവർ പ്രസംഗിച്ചു. ഡെവലപ്പ്മെന്റ്, സർവീസ്, റെഗുലേറ്ററി എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിൽ ഉൾപ്പെടുത്തി 49 വകുപ്പുകളാണ് ദ്വിദിന ശിൽപ്പശാലയിൽ പങ്കെടുക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്ന പ്രോബ്ലം സ്റ്റേറ്റ്മെന്റുകൾ ക്യൂറേറ്റ് ചെയ്ത ശേഷം വൈ.ഐ.പിയിൽ പ്രശ്നപരിഹാരത്തിന് ആശയങ്ങൾ സമർപ്പിക്കാൻ വിദ്യാർഥികൾക്ക് ഫാക്കൽറ്റിയുടെ സഹായത്തോടെ ലഭ്യമാക്കും. കെ-ഡിസ്‌കിന്റെ പാർട്ട്ണർ സ്ഥാപനങ്ങളായ കേരള സ്റ്റാർട്ടപ്പ് മിഷൻ, ഐ.സി.ടി. അക്കാഡമി ഓഫ് കേരള എന്നിവയുടെ പ്രതിനിധികളും ശിൽപ്പശാലക്ക് നേതൃത്വം നൽകുന്നു.


14 ജില്ലകളിലായി 1500 ഉദ്യോഗസ്ഥർ ശിൽപശാലകളിൽ പങ്കെടുക്കും. 7000 വിദ്യാഭ്യാസ സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള യങ് ഇന്നൊവേറ്റേഴ്സ് സമാനതയില്ലാത്ത ഇന്നൊവേഷൻ പരിപാടിയാണ്. വിശദവിവരത്തിന് https://yip.kerala.gov.in/ എന്ന വെബ് സൈറ്റ് സന്ദർശിക്കുക.