ഡിസൈൻ പോളിസി കരട് തയാറായി; ഈ വർഷംതന്നെ നടപ്പാക്കും

post

സംസ്ഥാനത്തെ നിർമാണ പ്രവൃത്തികൾക്കും രൂപകൽപ്പനകൾക്കും മികവുറ്റ പൊതുരൂപം നൽകുന്നതിനു കേരളം പ്രഖ്യാപിക്കാനൊരുങ്ങുന്ന ഡിസൈൻ പോളിസിയുടെ കരട് തയാറായി. തിരുവനന്തപുരത്തു നടന്ന ശിൽപ്പശാലയുടെ സമാപന ചടങ്ങിൽ പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് കരട് രേഖ ഏറ്റുവാങ്ങി. വിശദമായ ചർച്ചകൾക്കു ശേഷം ഡിസൈൻ പോളിസിയിലെ നിർദേശങ്ങളിൽ പലതും ഈ വർഷംതന്നെ നടപ്പാക്കുമെന്നു മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് വിവിധ മേഖലകളിൽ നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾക്കു പുതിയ ദിശാബോധം നൽകുന്നതാകും ഡിസൈൻ പോളിസിയെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ആഗ്രഹങ്ങളിൽനിന്നു രൂപപ്പെടുന്ന ആശയങ്ങളും പദ്ധതികളും പ്രയോഗവത്കരിക്കുന്നതിനു കരുത്തു പകരുന്നതാകും പുതിയ നയം. കരട് നയ രൂപീകരണവുമായി ബന്ധപ്പെട്ടു നടന്ന ചർച്ചകളിൽ കേരളത്തിന്റെ പുരോഗതിക്ക് വലിയ സംഭാവനചെയ്യാൻ കഴിയുന്ന നിരവധി പ്രായോഗിക നിർദേശങ്ങൾ ഉയർന്നുവന്നിരുന്നു. സംസ്ഥാനത്തെ പല ഫ്ളൈ ഓവറുകളുടേയും അടിഭാഗത്തുള്ള സ്ഥലം വെറുതേ കിടക്കുകയാണ്. ഈ പ്രദേശങ്ങൾ മനോഹരമാക്കി ജനങ്ങൾക്ക് ഉപയോഗപ്പെടുത്താൻ കഴിയണം. ടൂറിസം കേന്ദ്രങ്ങൾ കാൽനടയാത്രാ സൗഹൃദമാക്കണം. നഗരമധ്യത്തിലുള്ള ഒരു റോഡെങ്കിലും വിദേശരാജ്യങ്ങളിലുള്ളതുപോലെ വിശാലമായ നടപ്പാതകളുള്ളതാകണം. ഇത്തരം നൂറുകണക്കിന് ആശയങ്ങൾ പ്രവൃത്തിപഥത്തിലെത്തിക്കുന്നതിനുള്ള ചാലകശക്തിയായി മാറാൻ ഡിസൈൻ പോളിസിക്കു കഴിയും.

ഡിസൈൻ പോളിസിയുമായി ബന്ധപ്പെട്ട വിശദ ചർച്ച മാർച്ചിൽ നടത്തും. കരട് നയ രൂപീകരണവുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങൾ മുഖേന ജനങ്ങളുടെ ആശയങ്ങൾ തേടിയിരുന്നു. വലിയ പ്രതികരണമാണുണ്ടായത്. പൊതുജനങ്ങളിൽനിന്നുള്ള ആശയങ്ങൾകൂടി ഉൾപ്പെടുത്തി വിവിധ മേഖലകളിലെ ചർച്ചകൾക്കുശേഷമാകും ഡിസൈൻ പോളിസി പ്രഖ്യാപിക്കുക. ഉടൻ പ്രയോഗവത്കരിക്കുകയെന്ന ലക്ഷ്യത്തോടെ പോളിസി നിർദേശങ്ങൾ സമയബന്ധിതമായി നടപ്പാക്കാൻ ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്ന് മന്ത്രി പറഞ്ഞു.