കോവിഡ് 19: തെറ്റേത് ശരിയേത്

post

1. മദ്യം കോവിഡ് 19 വൈറസ് ബാധ അകറ്റുമോ ?

തെറ്റ്

മദ്യം ഉപയോഗിച്ചാല്‍ വൈറസിനെ നശിപ്പിക്കാനാകും എന്ന  പ്രചരണം തെറ്റാണ്. മദ്യം നമ്മുടെ ശരീരത്തില്‍ കുടല്‍, ആമാശയം എന്നിവിടങ്ങളിലാണ് എത്തുന്നത്. എന്നാല്‍ വൈറസ് ശരീരത്തില്‍ പ്രവേശിക്കുന്നത് ശ്വാസകോശത്തിലൂടേയാണ്. അതിനാല്‍ ശരീരത്തില്‍ പ്രവേശിക്കുന്ന കോവിഡ് 19 വൈറസിനെ നശിപ്പിക്കാന്‍ ശരീരത്തിനകത്തുള്ള മദ്യത്തിന് സാധിക്കില്ല. മുറിവൈദ്യ പ്രചരണങ്ങളില്‍ വീഴരുത്.

2. ഹോട്ടല്‍ ഭക്ഷണം/ഭക്ഷണത്തിലൂടെ കോവിഡ് 19 പകരുമോ ?

ഇല്ല

ഹോട്ടല്‍ ഭക്ഷണം/ഭക്ഷണത്തിലൂടെ കോവിഡ് 19 പകരില്ല. എന്നാല്‍ ജനങ്ങള്‍ കൂടുതല്‍ തിങ്ങിനിറഞ്ഞിരിക്കുന്ന സാഹചര്യം ഒഴിവാക്കണം. തുടക്കത്തില്‍ മൃഗങ്ങളില്‍ നിന്നായിരുന്നു രോഗം പകര്‍ന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കാണ് പകരുന്നത്. അതിനാല്‍ ആള്‍ക്കൂട്ടവും തിരക്കുള്ള സ്ഥലവും ഒഴിവാക്കണം.

3. കൈകള്‍ ശുചിയാക്കാന്‍ സാനിറ്റൈസര്‍ ഇല്ലെങ്കില്‍ ഹാന്റ് വാഷ് ഉപയോഗിക്കാമോ ?

ഉപയോഗിക്കാം

കൈകള്‍ ശുചിയാക്കാന്‍ ഹാന്‍ഡ് വാഷും ഉപയോഗിക്കാം. വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കാനാണ് സാനിറ്റൈസറുകള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ വെള്ളത്തിന്റെ ബുദ്ധിമുട്ട്  ഇല്ലാത്തവര്‍ക്ക് ഹാന്‍ഡ് വാഷും ഉപയോഗിക്കാം.

4. ബോഡി ലോഷന്‍ പ്രതിരോധ മാര്‍ഗമായി കരുതാമോ ?

ഇല്ല

കോവിഡ് 19 പകരുന്നത് പ്രധാനമായും വായിലൂടേയും മൂക്കിലൂടേയുമാണ്. അതിനാല്‍ ബോഡി ലോഷന്‍ ഉപയോഗിക്കുന്നത് ഒരു പ്രതിരോധമായി കാണാനാവില്ല.  

5. സാധാരണ പനിയും കോവിഡ് 19 ഉം തമ്മിലുള്ള വ്യത്യാസം?

സാധാരണ പനിയാണെങ്കില്‍ പനി, ചുമ, ജലദോഷത്തോടൊപ്പമുള്ള മൂക്കൊലിപ്പ് എന്നിവ ഉണ്ടാവും. കോവിഡ് 19 ആണെങ്കില്‍ പനിയോടൊപ്പം ശ്വാസതടസവും തൊണ്ടവേദനയും താരതമ്യേന കുറഞ്ഞ മൂക്കൊലിപ്പുമാണ് ഉണ്ടാകുക.

6. കോവിഡ് 19 ലക്ഷണങ്ങളുള്ളവരുടെ ഭക്ഷണരീതി എങ്ങനെയാവണം?

മറ്റേതൊരു വൈറസ് പനിയേയും പോലെ കോവിഡ് 19 ബാധയ്ക്കും പാനീയങ്ങളും വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയ ഭക്ഷണങ്ങളും ആവശ്യമാണ്. ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള ഭക്ഷണം ഒഴിവാക്കണം.

7. കോവിഡ് 19 വൈറസിന്റെ സഞ്ചാരപാത പരമാവധി എത്രദൂരം?

ചുമ, തുമ്മല്‍ എന്നിവയിലൂടെ പുറത്തേക്കുവരുന്ന വൈറസ് പരമാവധി ഒന്നരമീറ്റര്‍ അകലെ വരെ വായുവില്‍ നില്‍ക്കും. ഭാരമുള്ള കണങ്ങള്‍ പെട്ടന്ന താഴെ പതിക്കും. ഭാരം കുറഞ്ഞവ കൂടുതല്‍ നേരം വായുവില്‍ തങ്ങി നില്‍ക്കും.

8. കോവിഡ്19 വെളളത്തിലൂടെ പകരുമോ ?

 ഇല്ല

9. ഉപയോഗിച്ച മാസ്‌ക്കുകള്‍ എങ്ങനെ നശിപ്പിക്കാം ?

ഉപയോഗിച്ച മാസ്‌ക്കുകള്‍ അടച്ച പാത്രങ്ങളില്‍ ഇട്ട് ഒരു ശതമാനം സോഡിയം ഹൈഡ്രോക്ലോറൈഡ് സൊല്യൂഷന്‍ ഉപയോഗിച്ച് അണുവിമുക്തമാക്കി കത്തിച്ചു കളയണം. രോഗം പകരുന്നത് തടയാന്‍ ഉപയോഗിച്ച മാസ്‌കുകള്‍ അണുവിമുക്തമാക്കിയ ശേഷം നശിപ്പിക്കാം. തുറസായ ഇടങ്ങളില്‍ ഇവ നിക്ഷേപിക്കരുത്.

വിവരങ്ങള്‍ നല്‍കിയത് ഡോ. ടി. കെ. ജയന്തി

ആര്‍.സി.എച്ച്. (റീപ്രൊടക്ടീവ് ആന്‍ഡ് ചെല്‍ഡ് ഹെല്‍ത്ത്) ഓഫീസര്‍  

ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം)