അടവും തടവുമായി കുട്ടിപ്പെണ്‍കൂട്ടം

post

കാസര്‍കോട്: സ്വയം പ്രതിരോധത്തിന്റെ അടവുകളും തടവുകളുമായി കുട്ടിപ്പെണ്‍കൂട്ടം. ചങ്കുറപ്പുള്ള ഒരു പെണ്‍തലമുറയെ വാര്‍ത്തെടുക്കാനുള്ള ഉറച്ച ചുവടുവെയ്‌പ്പോടെ നീലേശ്വരം നഗരസഭ. നീലേശ്വരം നഗരസഭയുടെ ആഭിമുഖ്യത്തില്‍ നഗരസഭാ പരിധിയിലെ വിദ്യാലയങ്ങളിലെ പെണ്‍കുട്ടികള്‍ക്കായുള്ള കരാട്ടെ പരിശീലനം ആരംഭിച്ചു. രാജാസ് ഹൈസ്‌കൂളില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.വി.ശാന്ത ഉദ്ഘാടനം നിര്‍വഹിച്ചു. സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന ഇക്കാലത്ത് പെണ്‍കുട്ടികള്‍ക്ക് സ്വയം പ്രതിരോധത്തിന്റെ പാഠങ്ങള്‍ പകരുകയാണ് പദ്ധതിയുടെ ലക്ഷ്യം എന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.

രണ്ട് ബാച്ചുകളാക്കി തിരിച്ച് രാജാസ് ഹൈസ്‌കൂളിലും എന്‍.കെ.ബി.എം സ്‌കൂളിലുമായി ഓരോ ബാച്ചിനും ആഴ്ചയില്‍ മൂന്ന് ദിവസം വീതമായിരിക്കും പരിശീലനം നല്‍കുക. നൂറോളം കുട്ടികളാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പരിശീലനം നടപ്പാക്കുന്നത്. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദാക്ഷായണി കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു.