നെല്ലിന്റെ വിലയായി 1,11,953 കർഷകർക്ക് 811 കോടി വിതരണം ചെയ്തു

post

2022-23 സീസണിൽ 1,34,152 കർഷകരിൽ നിന്നും മാർച്ച് 28 വരെ 3.61 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിക്കുകയും വിലയായി 1,11,953 കർഷകർക്ക് 811 കോടി രൂപ വിതരണം നടത്തുകയും ചെയ്തു. ബാക്കിയുള്ള 22,199 കർഷകർക്ക് നൽകാനുള്ള 207 കോടി രൂപ വിതരണം ചെയ്തുവരുന്നു. ഏപ്രിൽ ആദ്യ വാരത്തോടുകൂടി മാർച്ച് 31 വരെ സംഭരിച്ച മുഴുവൻ നെല്ലിന്റെയും വില കർഷകർക്ക് നൽകും.

മാർച്ച് 22 മുതൽ 29 വരെ 231 കോടി രൂപ കർഷകരുടെ അക്കൗണ്ടിൽ നേരിട്ട് കൈമാറിയിട്ടുണ്ട്. സപ്ലൈകോയുടെ അക്കൗണ്ടിൽ നിന്നും ഈ തുക കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറിയതിനാൽ കർഷകരുടെ സിബിൽ സ്കോറിനെ ബാധിക്കാത്ത വിധത്തിലാണ് തുക നൽകിവരുന്നത്. ഈ സീസണിലെ നെല്ല് സംഭരണം മെച്ചപ്പെട്ട രീതിയിൽ നടന്നു വരുന്നതായും കർഷകർക്ക് നൽകേണ്ട തുക സമയബന്ധിതമായി നൽകുമെന്ന് ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആ‌‌‌ർ.അനിൽ അറിയിച്ചു.

നെല്ലിന്റെ വില കർഷകർക്ക് ഉടൻ ലഭിക്കാനിടയില്ലെന്നുള്ള പത്രവാർത്തകൾക്ക് അടിസ്ഥാനമില്ലെന്നും മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ സംഭരണ വർഷം കൂടുതൽ നെല്ല് സംഭരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി അറിയിച്ചു.