'വലിച്ചെറിയല്ലേ മാലിന്യം' - സമ്പൂര്‍ണ്ണ ശുചിത്വ ജില്ല കാമ്പയിന്‍ നടത്തും

കാസര്‍കോട്: 2023 ജനുവരി 28 മുതല്‍ 30 വരെ സംസ്ഥാന വ്യാപകമായി ശുചിത്വ കാമ്പയിന്‍ നടപ്പാക്കും. നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരള മിഷനും ശുചിത്വ മിഷനും കുടുംബശ്രീ മിഷനും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് നടപ്പാക്കുന്നത്. സമ്പൂര്‍ണ്ണ ശുചിത്വ ജില്ലയാക്കാന്‍ 'വലിച്ചെറിയല്ലേ മാലിന്യം' എന്ന മുദ്രാവാക്യവുമായി ജനപങ്കാളിത്തത്തോടെ റിപ്പബ്ലിക് ദിനം മുതല്‍ ജനുവരി 30 വരെ ശുചീകരണം നടത്തുമെന്ന് നവകേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ബാലകൃഷ്ണന്‍ ഡി.പി.സി യോഗത്തില്‍ അറിയിച്ചു.
ഓരോ വാര്‍ഡിലുമുള്ള പൊതുസ്ഥലങ്ങള്‍ ശുചീകരിച്ച് മാലിന്യക്കൂനകള്‍ മാറ്റുകയും അവിടെ തുടര്‍ന്ന് മാലിന്യം തള്ളുന്നത് തടയുകയും ചെയ്യും. മാലിന്യ കൂമ്പാരം ഉണ്ടായിരുന്ന സ്ഥലത്ത് ചെടികള്‍ നട്ട് ആകര്‍ഷകമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അജൈവ മാലിന്യങ്ങള്‍ പഞ്ചായത്തുമായും മുനിസിപ്പാലിറ്റിയുമായും കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ള ക്ലീന്‍ കേരള കമ്പനിക്കോ ഇതര സ്ഥാപനങ്ങള്‍ക്കോ കൈമാറും. ഓരോ വാര്‍ഡിലും പ്രത്യേകം ശുചീകരണ പ്രവര്‍ത്തനം നടത്തും. ഹരിതകര്‍മ്മസേനയുടെ യോഗം ചേര്‍ന്ന് പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള അജൈവ പാഴ് വസ്തുക്കളുടെ ശേഖരണവും കൈമാറലും ആസൂത്രണം ചെയ്യും.