വൈറസ് വ്യാപനം തടയാന്‍ 'ബ്രേക്ക് ദ ചെയിന്‍'

post

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ സാധ്യതയും വേഗതയും ഗണ്യമായി കുറക്കാന്‍ 'ബ്രേക്ക് ദ ചെയിന്‍' ക്യാമ്പയിന് തുടക്കമായി. ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. ഫലപ്രദമായി കൈ കഴുകിയാല്‍ കോവിഡ് 19 വൈറസിന്റെ വ്യാപനത്തെ ഫലപ്രദമായി പ്രതിരോധിക്കാം. ഇതിന്റെ ഭാഗമായാണ് ക്യാമ്പയിന്‍ സംഘടിപ്പിച്ചത്.

സര്‍ക്കാര്‍- അര്‍ദ്ധ സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവയില്‍ സ്ഥാപനത്തിലേക്ക് ജീവനക്കാരെയും പൊതുജനങ്ങളെയും പ്രവേശിക്കുന്നതിനുമുമ്പ് ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുന്നതിനോ, ഹാന്‍ഡ് വാഷ് സോപ്പ് / ഉപയോഗിച്ച് കഴുകുന്നതിനോയുള്ള സൗകര്യം ഒരുക്കി ഇവ ഉപയോഗിക്കുന്നെന്ന് ഉറപ്പുവരുത്തണം. ഇതിനായി എല്ലാ പ്രധാന ഓഫീസുകളുടേയും കവാടത്തോട് ചേര്‍ന്ന് 'ബ്രേക്ക് ദ ചെയിന്‍' കിയോസ്‌കുകള്‍ സ്ഥാപിക്കണം.

റസിഡന്‍ഷ്യല്‍ അസോസിയേഷനുകളും ഫഌറ്റുകളും അവരുടെ കെട്ടിടങ്ങള്‍ പ്രവേശിക്കുന്നിടത്ത് ബ്രേക്ക് ദ ചെയിന്‍ കിയോസ്‌കുകള്‍ സ്ഥാപിച്ച് വീടുകളിലേക്കും ഫഌറ്റുകളിലേക്കും പ്രവേശിക്കുന്നവര്‍ കൈകളില്‍ വൈറസ് മുക്തിയായി കയറണമെന്ന് ഉറപ്പാക്കണം. ബസ് സ്റ്റോപ്പുകള്‍, മാര്‍ക്കറ്റ് എന്നീ പൊതു ഇടങ്ങളില്‍ ക്യാമ്പയിന്റെ ഭാഗമായി സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതിനുള്ള സൗകര്യം ഒരുക്കാനും അതിന്റെ ഉപയോഗം ഉറപ്പ് വരുത്താനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കാം. രണ്ടാഴ്ച നീളുന്ന ബഹുജന ക്യാമ്പയിനായി ഇതിനെ മാറ്റുന്നതിന് യുവജന സംഘടനകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ നേതൃത്വവും സഹകരണവും നല്‍കണം. ഇതിനായുള്ള ഹാഷ്ടാഗ് (#breakthechain) മാധ്യമങ്ങളും നവമാധ്യമങ്ങളും വഴി വ്യാപക പ്രചാരണം നടത്തണം. ബഹുഭൂരിപക്ഷം ആള്‍ക്കാരും ഒരേസമയം ഈ ക്യാമ്പയനില്‍ പങ്കെടുത്താല്‍ വൈറസിന്റെ സാന്ദ്രതയും വ്യാപനവും വലിയതോതില്‍ കുറയ്ക്കുവാനും പകര്‍ച്ച വ്യാധിയുടെ പ്രാദേശിക വ്യാപനം വലിയ തോതില്‍ നിയന്ത്രിക്കാനുമാകും. 

കോവിഡ് 19 പടര്‍ന്നുപിടിക്കാതിരിക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഹസ്തദാനം പോലെ സ്പര്‍ശിച്ചുകൊണ്ടുള്ള സാമൂഹിക ആശംസകള്‍ ഒഴിവാക്കുക. മുഖം, മൂക്ക്, കണ്ണുകള്‍ എന്നിവ സ്പര്‍ശിക്കുന്നത് ഒഴിവാക്കണം. തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും വായും, മൂക്കും തൂവാല കൊണ്ട് മൂടണം. ഇടയ്ക്കിടെ കൈകള്‍ സോപ്പും വെളളവും ഉപയോഗിച്ച് കഴുകണം.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, കെ.എം.എസ്.സി.എല്‍. എം. ഡി. ഡോ. നവജ്യോത് ഖോസ, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍. എല്‍. സരിത, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാബീവി, അഡീ. ഡയറക്ടര്‍മാരായ ഡോ. വി. മീനാക്ഷി, ഡോ. ബിന്ദു മോഹന്‍, സാമൂഹ്യ സുരക്ഷ മിഷന്‍ എക്‌സി. ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ എന്നിവര്‍ പങ്കെടുത്തു.