വാഴാനി ഡാം കുട്ടികളുടെ പാർക്ക് മുഖം മിനുക്കുന്നു

post

36 ലക്ഷം രൂപയുടെ നവീകരണം

ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വാഴാനി ഡാം ഗാർഡനിൽ കുട്ടികളുടെ പാർക്ക് നവീകരിക്കുന്ന പ്രവൃത്തിയുടെ ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ നിർവ്വഹിച്ചു. തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി വി സുനിൽ കുമാർ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ടൂറിസം വകുപ്പ് അനുവദിച്ച 36 ലക്ഷം രൂപ വിനിയോഗിച്ചാണ് കുട്ടികളുടെ പാർക്ക് നവീകരിക്കുന്നത്. പുതിയ കളിയുപകരണങ്ങൾ സ്ഥാപിച്ച് പാർക്ക് ആകർഷകമാക്കും. കോവിഡ് പ്രതിസന്ധി ഘട്ടത്തിലെ അടച്ചുപൂട്ടലിന് ശേഷം വാഴാനി വിനോദ സഞ്ചാരകേന്ദ്രം ഉണർവിൻ്റെ പാതയിലാണെന്ന് എം എൽ എ പറഞ്ഞു. ഓണാഘോഷങ്ങളുടെ ഭാഗമായി വാഴാനി ഫെസ്റ്റ് വിപുലമായി സംഘടിപ്പിച്ചു. ഈ സീസണിൽ പ്രത്യേക കെഎസ്ആർടിസി ബസ് സർവീസ് ഏർപ്പെടുത്താനായി. തൂക്കുപാലം അറ്റകുറ്റപ്പണികൾ നടത്തി തുറന്നുകൊടുത്തു.

ലൈബ്രറി കം കൾച്ചറൽ സെൻ്ററിൻ്റെ നടത്തിപ്പവകാശം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് കൈമാറാനായിട്ടുള്ള ശ്രമങ്ങൾ നടക്കുന്നു. വാഴാനി ഡാം കൺവെൻഷൻ സെൻ്റർ നിർമ്മാണം തടസങ്ങൾ നീക്കാനുള്ള പരിശ്രമത്തിലാണ്. മ്യൂസിക്കൽ ഫൗണ്ടൻ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനായി ഇടപെടലുകൾ നടത്തിവരികയാണ്. പദ്ധതിയുടെ പുതിയ ഡി പി ആർ സമർപ്പിച്ചിട്ടുണ്ട്. ഈ ശ്രമങ്ങളോടൊപ്പം കുട്ടികളുടെ പാർക്ക് സമയബന്ധിതമായി നവീകരിക്കുന്നതോടെ കുടുംബമായി സന്ദർശിക്കുവാനും സമയം ചെലവഴിക്കാനും കഴിയുന്ന മികച്ച വിനോദ സഞ്ചാരകേന്ദ്രമായി വാഴാനി ഡാം ഗാർഡൻ മാറും. സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡിനാണ് (SILK) നിർവ്വഹണ ചുമതല.